തിരുവല്ല: കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങൾ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ മുഖ്യപങ്കാളിയെന്ന് തിരുവല്ല നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു.വീട്ടിലൊരു കുടുംബശ്രീ ഉദ്പ്പന്നം ക്യാമ്പയിന്റെ ഭാഗമായി തിരുവല്ല മേഖലാതല ഷീടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ പ്രവർത്തനങ്ങൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ സമസ്ത മേഖലകളിലേയ്ക്കും കടന്നിരിക്കുകയാണ്. ലഘുസമ്പാദ്യ പ്രവർത്തനങ്ങളിലൂടെ തുടങ്ങിയ കുടുംബശ്രീ ചെറുകിട യൂണിറ്റുകൾ ആരംഭിച്ച് വനിതകളെ വീടിന്റെയും നാടിന്റെയും ഗൃഹനാഥയാക്കിയെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ല നഗരസഭയിൽ നിന്നുൾപ്പെടെ ദേശീയവും അന്തർദേശീയവുമായ മേളകളിൽ വരെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത് വിജിയിക്കുന്നത് നമ്മുടെ നാടിന് അഭിമാനിക്കാവുന്നതാണ്. ഷീടോക്കിലൂടെ അനുഭവം പങ്ക് വയ്ക്കുമ്പോൾ അത് മറ്റ് സംരംഭകർക്ക് വളരെയേറെ പ്രയോജനമാണ്. മാർച്ച് 15ന് എല്ലാ വീടുകളിലും കുടുംബശ്രീ ഉദ്പ്പന്നം എത്തിക്കുന്ന വിപുലമായ കാമ്പയിനിലൂടെ കുടുംബശ്രീ ഉല്പന്നങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭയുടെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രധാന പദ്ധതികളിൽ ഒന്നാണ് ഷീലോഡ്ജ്. ഷീലോഡ്ജ് നിർമ്മാണത്തിനാവശ്യമായ സ്ഥലത്തിന് അനുമതി നല്കുകയും 40ലക്ഷം രൂപ വകയിരുത്തുകയും ചെയ്തതായി ചെയർമാൻ പറഞ്ഞു.