തിരുവല്ല : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇറ്റലിയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശികളായ രണ്ട് പേർ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ. ഫെബ്രുവരി 24 ന് ഇറ്റലിയിൽ നിന്നെത്തിയ കുറ്റൂർ സ്വദേശിയും ഇക്കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നു എത്തിയ ഇയാളുടെ ഭാര്യയുമാണ് ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ മാസം നാലാം തീയതി ലണ്ടനിൽ നിന്നുമെത്തിയ കുറ്റൂർ തെങ്ങേലി സ്വദേശിയായ യുവാവിനെയും ആരോഗ്യ വിഭാഗം അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ഇയാളെയും നിരീക്ഷണത്തിലാക്കും. ഇറ്റലിയിൽ നിന്ന് എത്തിയ ദമ്പതികളും കുടുംബാംഗങ്ങളും അടുത്തിടപഴകിയവരും വരുന്ന 28 ദിവസത്തേക്ക് ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും. കൊറോണെ പടർന്ന് പിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് നൽകിയിരുന്ന കർശന നിർദേശം ഇവർ മൂവരും പാലിച്ചിരുന്നില്ല. ഇത്തരത്തിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയതായി ആരോഗ്യ വിഭാഗത്തിന് ഞായറാഴ്ച ലഭിച്ച വിവരത്തെ തുടർന്നായിരുന്നു നടപടി. നിരീക്ഷണ കാലാവധി കഴിയും വരെ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാനും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുമായി വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയ 24 പേരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ഇവരിൽ ആരിലും തന്നെ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. ഇവരിൽ രണ്ട് പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. .