പത്തനംതിട്ട : ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ നേരിയ ഭീതിയിലാണ്. ഭയക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് തന്നിട്ടുണ്ടെങ്കിലും മാസ്കുകൾ വാങ്ങാൻ ആളുകൾ നിരവധിയെത്തുന്നുണ്ട്. 5 രൂപ മുതൽ 20, 50 രൂപകൾവരെ മാസ്കുകൾ വിപണിയിൽ വിൽക്കുന്നുണ്ട്. ജില്ലയിലെ ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം വാങ്ങാൻ ആളുകൾ വിസമ്മതിയ്ക്കുന്നു. റാന്നി, ബ്ലോക്ക് പടി, ഐത്തല തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. കൊറോണ സ്ഥിരീകരിച്ചവർ നിരവധി യാത്രകളും സന്ദർശനങ്ങളും നടത്തിയതിനാൽ ജില്ലയിലുള്ളവർ എല്ലാം ഭീതിയിലാണ്. എന്നാൽ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യം തൃപ്തികരമാണ്. റോഡുകൾ ഏറെക്കുറെ വിജനമാണ്. ഇന്നലെ ഞായർ അവധി ദിനമായതിനാൽ ജനറൽ ആശുപത്രിയിലും തിരക്ക് അധികം അനുഭവപ്പെട്ടിരുന്നില്ല. ആശുപത്രിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ രോഗികളുമായി അടുത്ത് ഇടപഴകിയവർ, നേരിട്ട് ബന്ധമുള്ളവർ എന്നിവർ മാസ്ക് ധരിക്കണം. ജില്ലയിൽ ഇറ്റലി, ഇറാൻ , ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ആരെങ്കിലും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തവർ ഉണ്ടെങ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് ശ്രമം.