ചെങ്ങന്നൂർ: മക്കളെ ഉപേക്ഷിച്ച് കാമുകനൊടോപ്പം കടന്നുകളഞ്ഞ യുവതി റിമാൻഡിലായി. മുളക്കുഴ കൊഴുവല്ലൂർ തെങ്ങും തുടിയിൽ വീട്ടിൽ ഗിരീഷ് കുമാറിന്റെ ഭാര്യ രജനി (36) യെയാണ് ചെങ്ങന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഫെബ്രുവരി രണ്ടിന് വൈകിട്ട് 7ന് പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുകയായിരുന്നു. ഭർത്താവ് ഗിരീഷ് ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ എം.സുധിലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിൽ നിന്ന് റാന്നിയിലുള്ള വാടക വീട്ടിൽ നിന്നാണ് അന്വേഷണസംഘം യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ മറ്റൊരു യുവാവിനൊപ്പം കടന്ന യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് പൊലീസ് കണ്ടെത്തിയത്. ഇതിനോടകം അഞ്ചുതവണയോളം യുവതി പലരോടൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. എസ്.ഐ ബിജു, എ.എസ്.ഐ ജോൺ പി സാം, എ.എസ്.ഐ അജിത്.എ വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ രാജി, മായ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മക്കളെ ഉപേക്ഷിച്ചാൽ നടപടി
മക്കളെ മറന്ന് കാമുകനോടൊപ്പം കടക്കുന്ന വീട്ടമ്മമാരെ കുരുക്കാൻ പൊലീസ് നടപടി തുടങ്ങി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലോളം കേസുകളിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്തി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത്തരം കേസുകളിൽ നേരത്തെ സ്ത്രീകളെ പിടികൂടിയാൽ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പോക്‌സോ ചുമത്താൻ ആരംഭിച്ചതോടെ പിടിയിലായവർ എല്ലാം ജയിലിലായി. കുട്ടികൾക്കുനേരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ ഉണ്ടായാലാണ് നേരത്തെ പൊക്‌സോ ചുമത്തിയിരുന്നത്. ചില കേസുകളിൽ മാതാവിനെതിരെയും പൊക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.