corona-death

പത്തനംതിട്ട: അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ,​റാന്നിയിൽ ജനങ്ങൾ പരിഭ്രാന്തിയിലായി. മൂന്ന് ക്രിസ്ത്യൻ പള്ളികളിലെ ആരാധന മാറ്റിവച്ചു. ഐത്തല ജംഗ്ഷനിലും റാന്നി നഗരത്തിലും നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോയി. കടകൾ മിക്കതും അടഞ്ഞു. മാസ്‌കിനായി ജനം പരക്കം പായുകയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മാസ്‌ക് വിതരണം നടത്തി.

കോറോണ സ്ഥിരീകരിച്ച രോഗികളുടെ പ്രദേശമായ എെത്തലയിൽ രാജു ഏബ്രഹാം എം.എൽ.എയുടെ

അറിയിപ്പെന്ന നിലയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയതോടെ പള്ളികളിൽ നിന്ന് വിശ്വാസികൾ മടങ്ങി. പെന്തക്കോസ്ത് ആരാധനാലയങ്ങളിലും അറിയിപ്പ് നൽകിയിരുന്നു. രോഗബാധിതർ താമസിക്കുന്ന പ്രദേശത്തെ വീടുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രണ്ട് തവണ സന്ദർശനം നടത്തി. ആരോഗ്യ പരിശോധന നടത്താനും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കാനും നിർദ്ദേശം നൽകി. 200ലധികം വീടുകളാണ് സന്ദർശിച്ചത്.

കൊറോണ ബാധ സ്ഥിരീകരിച്ച അഞ്ച് പേർ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ടെന്നറിഞ്ഞതോടെ പത്തനംതിട്ട നഗരത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞു.

ഞായറാഴ്ചയായിരുന്നതിനാൽ ഇന്നലെ നഗരത്തിൽ തിരക്ക് കുറവായിരുന്നു. ജനറൽ ആശുപത്രിയിൽ ജനറൽ വാർഡുകളിലും മറ്റും ചികിത്സയിൽ കഴിഞ്ഞിരുന്ന പലരും ആശുപത്രി വിട്ടു. ചികിത്സയിലുള്ള ഏറെപ്പേരും ഡിസ്ചാർജിനായി ശ്രമം തുടങ്ങി. ജീവനക്കാരും രോഗികളുടെ കൂട്ടിയിരിപ്പുകാരും മാസ്ക് ധരിച്ചാണ് എത്തിയത്. ആശുപത്രിയിൽ മറ്റാവശ്യങ്ങൾക്കെത്തിയവരും മാസ്ക് ധരിച്ചിരുന്നു.സാഹചര്യം മുതലാക്കി ചില മെഡിക്കൽ സ്റ്റോറുകൾ മാസ്കിന് കൊളള വില ഇൗടാക്കി. അഞ്ച് രൂപയുണ്ടായിരുന്ന മാസ്കിന് 20രൂപ വാങ്ങി.
ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ള ടീമിന് പ്രത്യേക വേഷമാണ് നൽകിയിരിക്കുന്നത്. ഇവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ല. ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെട്ട് ആർ.എം.ഒ ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.