പത്തനംതിട്ട: വലിയൊരു പ്രളയത്തെ അതിജീവിച്ച ജില്ല അടുത്ത ഭീഷണിയെയും നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗ പ്രതിരോധ നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. മെഡിക്കൽ സംഘങ്ങൾ സജീവമായി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വ്യക്തമാക്കി. കോറോണയുമായി ബന്ധപ്പെട്ട് ജാഗ്രതയാണ് ആവശ്യമെന്ന് സ്ഥിതിഗതി വിലയിരുത്തിയ ശേഷം മന്ത്രി കെ. രാജു പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗികളുമായി ഇടപഴകിയവരേയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കും. ഇതിനായി ഒരു ഡോക്ടർ, നാല് പാരാമെഡിക്കൽ സ്റ്റാഫ്, രണ്ടു ജെ.എച്ച്.ഐ, രണ്ട് ജെ.പി.എച്ച്.എൻ എന്നിവരടങ്ങിയ എട്ടു ടീമുകൾ ജില്ലയിൽ പ്രവർത്തിക്കും.
ആഘോഷപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മാദ്ധ്യമങ്ങളിലൂടെ ബോധവത്ക്കരണം നൽകണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
റാന്നിയിൽ കൂടുതൽ സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും ആശുപത്രികളിൽ കൂടുതൽ മാസ്‌കുകൾ ലഭ്യമാക്കണമെന്നും ബിഎസ്എൻഎല്ലിന്റെ കോവിഡ് 19 ബോധവത്കരണവുമായി ബന്ധപ്പെട്ട കോളർടോൺ ഇംഗ്ലീഷിൽ നിന്ന് മലയാളം ആക്കുന്നതിന് സർക്കാർ ഇടപെടണമെന്നും രാജു ഏബ്രഹാം എം.എൽ.എ പറഞ്ഞു.
ജനങ്ങളിൽ അനാവശ്യ ഭീതി പരത്തരുതെന്നും ആവശ്യമായ ജാഗ്രത പുലർത്തണമെന്നും മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു. കോവിഡ് 19 രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ജില്ലയിലെ പ്രവർത്തനം മികച്ചതാണെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. ആശുപത്രികളിൽ സന്നദ്ധ സംഘടനകൾ നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണം നിറുത്തേണ്ടതില്ലെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വികസന സെമിനാർ മാറ്റി വയ്ക്കുന്നതു സംബന്ധിച്ച് പുതുക്കിയ തീയതി നീട്ടി ലഭിക്കുന്നതിന് ആവശ്യമായ നടപടി ജില്ലാ കളക്ടർ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു.
ജില്ലയിലെ സർക്കാർ ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി നിറുത്തി പകരം രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സൈബർസെൽ നിരീക്ഷണം ശക്തമാണ്. മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർ കൃത്യമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.
> നിരീക്ഷണത്തിന് കൂടുതൽ സംഘങ്ങൾ
നിരീക്ഷണത്തിനായി ജില്ലയിൽ കൂടുതൽ ടീമുകളെ നിയോഗിക്കും. രോഗ ലക്ഷണമുള്ളവർ മാത്രം മാസ്‌ക് ധരിക്കുക. എൻ 95 മാസ്‌കുകൾ രോഗം സ്ഥിരീകരിച്ചവർ മാത്രം ഉപയോഗിച്ചാൽ മതിയാകും. റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനവും, ആധാർ ലിങ്ക് ചെയ്യുന്നതും താത്കാലികമായി നിറുത്തിവയ്ക്കും. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, എ.ഡി.എം അലക്‌സ് പി. തോമസ്, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എൽ ഷീജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ. ഫിലിപ്പ്, ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ.രാകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ് നന്ദിനി, ആലപ്പുഴ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പൽ ഡോ. സൈറു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.