പത്തനംതിട്ട : കൊറോണ സ്ഥിരീകരിച്ചതോടെ മെഡിക്കൽ ഷോപ്പുകളിൽ മാസ്കും സാനിറ്റൈസറും കിട്ടാനില്ല. നിരവധി പേരാണ് മാസ്കിനായി മെഡിക്കൽ ഷോപ്പുകളിൽ എത്തുന്നത്. എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഫെയ്സ് മാസ്ക് ലഭ്യമല്ല എന്ന് എഴുതി ഒട്ടിച്ചിരിക്കുകയാണ്. സാനിറ്റൈസറും കടകളിൽ ലഭിക്കുന്നില്ല. സാനിറ്റൈസർ മെഡിക്കൽ ഷോപ്പുകളിൽ വില്ക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ചില ഷോപ്പുകളിൽ സാനിറ്റൈസർ സ്റ്റോക്ക് തീർന്നു. സൂപ്പർമാർക്കറ്റുകളിലും സാനിറ്റൈസർ ലഭിക്കുന്നില്ല.
ആശുപത്രികളിലെല്ലാം മാസ്കുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കാരുണ്യ മെഡിക്കൽ സ്റ്റോറിൽ ഒരെണ്ണത്തിന് അഞ്ച് രൂപയ്ക്കാണ് മാസ്കുകൾ വിൽക്കുന്നത്. സന്നദ്ധ സംഘടനകളും ചിലയിടങ്ങളിൽ മാസ്കുകൾ വിതരണം ചെയ്യുന്നുണ്ട്. ഞായറാഴ്ച അഞ്ച് രൂപയുടെ മാസ്ക് 20 രൂപയ്ക്ക് വിൽക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നിരുന്നതിനാൽ ഇന്നലെ രാവിലെ മെഡിക്കൽ ഷോപ്പുകളിൽ പരിശോധന നടന്നിരുന്നു. നിലവിൽ ആശുപത്രികളിലൊഴികെ പത്തനംതിട്ടയിൽ ഒരിടത്തും മാസ്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഗ്ലൗസിന് 6 രൂപയാണുള്ളത്. ഗ്ലൗസിനും മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് കുറവാണ്. എല്ലാവരും മാസ്ക് ധരിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ആറ് മണിക്കൂറിൽ കൂടുതൽ ഒരു മാസ്ക് ഉപയോഗിക്കരുത്. ആശുപത്രിയിൽ പോകുമ്പോൾ ഉപയോഗിക്കുന്ന മാസ്ക് അവിടെ തന്നെ ഉപേക്ഷിച്ച് മടങ്ങണം. ഈ മാസ്ക് അധിക നേരം ഉപയോഗിക്കരുത്. നിരവധി അണുക്കൾ അതിലുണ്ടാകാൻ സാദ്ധ്യതയുണ്ട്.