തിരുവല്ല: കുടിവെളള ക്ഷാമം രൂക്ഷമായ പെരിങ്ങരയിൽ പലയിടത്തും പൈപ്പ് പൊട്ടിയൊഴുകി ശുദ്ധജലം നഷ്ടമാകുന്നു. കാവുംഭാഗം - ചാത്തങ്കരി റോഡിൽ അഞ്ചിടങ്ങളിലും പൊടിയാടി - സ്വാമിപാലം കൃഷ്ണപാദം റോഡിൽ ആറിടങ്ങളിലുമാണ് പൈപ്പുപൊട്ടിയത്. പെരിങ്ങര പി.എം.വി ഹൈസ്കൂളിന് എതിർവശത്ത് പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. ജലം റോഡിന്റെ വശങ്ങളിൽ തളംകെട്ടി കിടക്കുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടക്കാർക്ക് ഏറെ ബുദ്ധിമുട്ടായി. കൃഷ്ണപാദം റോഡിൽ മിഢാവേലിൽ പടിയിലും റീത്തുപള്ളിക്ക് സമീപവും തിരുവങ്കാവിൽ പടിയിലുമടക്കം സമാന സ്ഥിതിയാണ്. പടിഞ്ഞാറൻ മേഖലയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൃഷിക്കും വെള്ളമില്ലാതെ കർഷകർ വലയുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.