തിരുവല്ല: നഗരസഭയുടെ പൊതുശ്മശാനത്തിന്റെ കവാടത്തോടു ചേർന്നുള്ള മതിൽ സാമൂഹ്യ വിരുദ്ധർ പൊളിച്ചിട്ടും നടപടിയില്ല.ഒരാഴ്ച മുമ്പ് പുലർച്ചെ 1.45നാണ് 20 അടിയോളം നീളമുള്ള മതിലാണ് തകർത്തത്.സമീപത്തെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് സമീപവാസികൾ നഗരസഭയിലും പൊലീസിലും പരാതി നൽകി.ഒരാഴ്ച ആയിട്ടും നടപടിഎടുക്കിന്നില്ലെന്ന ആക്ഷേപം ശക്തമാണ്.അഞ്ച് പേരടങ്ങുന്ന സംഘം ഇരുമ്പിന്റെ കൂടം പോലുള്ള സാധനം കൊണ്ട് മതിൽ ഇടിച്ച് താഴെയിടുന്നത് ദൃശ്യങ്ങളിൽ കാണാം.മതിൽ പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതിനോട് ചേർന്ന് തനിച്ച് താമസിക്കുന്ന പാലിയേക്കര വടക്കേകളറിൽ ശാന്തതമ്പിക്ക് (69)വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇവരുടെ അതിരു കല്ലുകളും അക്രമികൾ തകർത്തിട്ടുണ്ട്.2002ൽ റിംഗ് റോഡായി നിർമ്മിച്ച് ഉദ്ഘാടനം നടത്തിയതിന്റെ ഫലകങ്ങളും തകർത്ത നിലയിലാണ്.കേസുള്ളത് കാരണം മതിലിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും മാറ്റിയിട്ടില്ല.വീട്ടിൽ നിന്നും വാഹനം പോലും ഇറക്കാൻ പറ്റാത്ത സ്ഥിതി കാണിച്ച് നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.