പത്തനംതിട്ട : ജില്ലയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. മാസ്ക് ധരിച്ചാണ് ജനങ്ങൾ നഗരത്തിൽ എത്തിയത്. റോഡുകൾ ഏറെക്കുറെ വിജനമായിരുന്നു. കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും പതിവുപോലെ തിരക്കുണ്ടായിരുന്നില്ല. ബസിൽ സീറ്റുകൾ പകുതിയും ഒഴിഞ്ഞു കിടന്നു. കടകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും സാധനം വാങ്ങാൻ ആളുകൾ കുറവായിരുന്നു. ജില്ലയിലെ പൊതുപരിപാടികൾ എല്ലാം മാറ്റി വച്ചു. സ്കൂളുകളിലും കോളേജുകളിലും നടത്താനിരുന്ന ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കി. സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്. ഓമല്ലൂർ വയൽ വാണിഭം, മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവം, ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയ പ്രധാന പരിപാടികളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്ന് കർശന നിർദേശം ഉണ്ട്. ജില്ലയിലെ പ്രധാന മാർക്കറ്റുകളിലും ഇന്നലെ വ്യാപാരം കാര്യമായി നടന്നില്ല. ആശുപത്രികളിലും തിരക്ക് കുറവായിരുന്നു.
റാന്നിയെ പേടിക്കണ്ട
റാന്നി സ്വദേശികൾക്കാണ് രോഗം കണ്ടെത്തിയതെന്ന് അറിഞ്ഞതോടെ റാന്നിയിലേക്ക് പോകാൻ പലരും മടിക്കുന്നു. അങ്ങനെ ഭയക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഭരണകൂടവും ആരോഗ്യ വകുപ്പും ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ഇപ്പോഴും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. നിർദേശങ്ങൾ അവഗണിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടി കാണിച്ചിട്ടുണ്ട്. പരീക്ഷ ആരംഭിക്കുന്നതിനാൽ കുട്ടികൾക്കും അദ്ധ്യാപകർക്കും സ്കൂളിലെത്താതിരിക്കാൻ കഴിയില്ല. എല്ലാ പ്രതിരോധ മുന്നൊരുക്കങ്ങളും പി.ടി.എയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളതായി ഡി.ഇ.ഒ അറിയിച്ചിട്ടുണ്ട്. ഇതുവരെ കൊറോണ രോഗ നിരീക്ഷണത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ പറയുന്നു. എല്ലാ ദിവസത്തേയും പോലെ ബസുകൾ റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്നു. റാന്നിയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കും ജനങ്ങൾ യാത്ര ചെയ്യാൻ മടിക്കുന്നുണ്ട്.
"റാന്നിയിൽ നിന്ന് വരുന്നയാളാണ് ഞാൻ. അവിടെ നിന്ന് വരുന്നതിനാൽ വൈറസ് ബാധിതനാണെന്ന് പറയാൻ പറ്റില്ല. ജോലിയ്ക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ. മാസ്ക് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ ഉപയോഗിക്കും. "
കെ.എസ്.ആർ.ടി.സി ഡ്രൈവർ
" പരീക്ഷക്കാലം ആയതിനാൽ സ്കൂളിലെത്തിയേ പറ്റു. പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കണം. പരീക്ഷ എഴുതില്ലെന്ന് ആരും അറിയിച്ചിട്ടില്ല. എസ്.എസ്.എൽ.സി ആയത് കൊണ്ട് വരാതിരുന്നാൽ എന്താകുമെന്ന പേടിയുണ്ട് കുട്ടികൾക്ക്."
റാന്നിയിലെ പ്രമുഖ സ്കൂളിലെ ഹെഡ്മാസ്റ്റർ