കൊക്കാത്തോട്: വനാന്തരഗ്രാമമായ കൊക്കാത്തോട്ടിലെ കാട്ടാത്തി, കൊട്ടാമ്പാറ ആദിവാസി കോളനികളിലും കാഞ്ഞിരപ്പാറ പട്ടികജാതി കോളനികളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കോളനികളിലെ കിണറുകൾ വറ്റി വരണ്ടതോടെ ഇവിടെ നിന്നും രണ്ടും, മൂന്നും കിലോമീറ്ററുകൾ ദൂരെയുള്ള അള്ളുങ്കലിലെ പഞ്ചായത്ത് കിണറുകളിൽ നിന്നാണിവർ തലച്ചുമടായി കുടിവെള്ളം വീടുകളിലെത്തിക്കുന്നത്.കാട്ടാത്തി,കോട്ടാമ്പാറ ആദിവാസി കോളനികളിൽ 60ലധികം കുടുംബങ്ങളും കാഞ്ഞിരപ്പാറ പട്ടികജാതി കോളനിയിൽ 30 ലധികം കുടുംബങ്ങളുമാണ് താമസിക്കുന്നത്.കാട്ടാത്തി ആദിവാസി കോളനിയിലെ കുഴൽ കിണറുകളിൽ വെള്ളമില്ല. കൊക്കാത്തോട് തോട് വറ്റിവരണ്ടതിനെ തുടർന്ന് തൊട്ടിൽ രണ്ട് മീറ്റർ താഴ്ചയിൽ കുഴികളെടുത്താണ് പലരും കുളിക്കാൻ വെള്ളമെടുക്കുന്നത്. ഇവിടെ പൈപ്പുലൈനുകളുമില്ല അള്ളുങ്കലിലെ പഞ്ചായത്ത് കിണറുകൾ മാത്രമാണ് കൊക്കാത്തോട്ടിലെ ഏക പൊതു കുടിവെള്ള സ്രോതസ്.ഇവിടെ ആഴത്തിൽ ഈ കിണറുകളിൽ കുഴികളെടുത്ത് കാട്ടാത്തി,കാഞ്ഞിരപ്പാറ,കോട്ടാമ്പാറ കോളനികളിലേക്ക് വെള്ളം പമ്പു ചെയ്താൽ ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് ഡി.സി.സി.അംഗവും, മുൻ ഗ്രാമ പഞ്ചായത്തംഗവുമായ ടി.ചന്ദ്രൻ പറഞ്ഞു.