പത്തനംതിട്ട : ഇന്ന് പകൽ ഇരുട്ടിവെളുക്കുന്നതോടെ കാത്തിരുന്ന കണ്ണുകൾക്ക് പുണ്യം പകരുന്ന വല്യപടയണി. വല്യപടയണി ദിവസമായ ഇലന്തൂർ കിഴക്ക് കരയിൽ എഴുതി തയാറാക്കുന്ന കോലങ്ങളെ രാത്രി 10ന് കത്തിയമരുന്ന ചൂട്ടുവെളിച്ചത്തിൽ,താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അടവി വ്യക്ഷക്കൊമ്പുകളുടെയും അകമ്പടിയോടെ കളത്തിലേക്ക് വരവേൽക്കുന്നു.കാവിൽ അധിവസിയ്ക്കുന്ന പ്രകൃതീശ്വരിയായ അമ്മയ്ക്ക് മുൻപിൽ മക്കളായ കാരക്കാർ ആണ്ടോടാണ്ട് കുന്നും,കാടും,ദേശവും ഒരുമിച്ച് മംഗളം ഭവിക്കട്ടെ എന്ന സർവ്വ ഐശ്വര്യ പൂജയാണ് അടവി. പഞ്ചവ്യക്ഷങ്ങളായ ആല്,പന,ഇലഞ്ഞി, പനച്ചി, തുടങ്ങിയ വ്യക്ഷക്കൊമ്പുകൾ കൂട്ടക്കോലങ്ങളോടൊപ്പം വനാന്തരീക്ഷം സ്യഷ്ടിച്ച് കളത്തിൽ കാപ്പൊലിയ്ക്കുന്നത് വല്യപടേനിയുടെ മാത്രം പ്രത്യേകതയാണ്.തപ്പുമേളത്തിന്റെ മൂർദ്ധന്യത്തിൽ കളരി വന്ദനത്തോടെ ഉണരുന്ന കളത്തിലേക്ക് വെളിച്ചപ്പാടാണ് ആദ്യം എത്തുന്നത്.തുടർന്ന് പുലവൃത്തം,താവടി എന്നിവയ്ക്ക് ശേഷം ശിവകോലം എത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി പഞ്ചകോലങ്ങളെ കൂടാതെ കഴിഞ്ഞ ഏഴു ദിസവവും കളത്തിലെത്തിയ എല്ലാ കോലങ്ങളും തുള്ളി ഒഴിയും. കോലങ്ങളുടെ ഇടവേളകളിൽ സാമൂഹ്യ ദുഷിപ്പുകളെ നർമ്മം പറഞ്ഞ് വിമർശിയ്ക്കുന്ന വിനോദങ്ങളും കളത്തിലെത്തും. പുലർച്ചെ പിഴകളെല്ലാം പൊറുത്ത് അനുഗ്രഹിയ്ക്കാനും,ചെയ്തുതു പോയ തെറ്റുകൾ പൊറുക്കണമെന്നും അപേക്ഷിച്ചു കൊണ്ടുള്ള മംഗള ഭൈരവിയുടെ വരവിനെ തുടർന്ന് സർവ്വ ദേഷങ്ങൾക്കും പരിഹാരമായി പൂപ്പടവാരി തുള്ളും.അതിനു ശേഷം കത്തിച്ച ചൂട്ടുകറ്റയിൽ വിളിച്ചിറക്കിയ കുന്നിലമ്മയെ തിരികെ ശ്രീകോവിലിലേക്ക് കൊട്ടിക്കയറ്റുന്നതോടെ ഇലന്തൂരിന്റെ പടയണിക്കാലത്തിന് സമാപനമാവും.