റാന്നി: കൊറോണ വൈറസ് വാഹകരെ കണ്ടെത്തിയ പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല വാർഡിൽ ഇന്നലെയും ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടൽ. ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇറ്റലിയിൽ നിന്നെത്തിയവർ സന്ദർശനം നടത്തിയ വീടുകളിൽ എത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുറിയാക്കോസ് അദ്ധ്യക്ഷനായിരുന്നു. മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അബിദ മോൾ വിശദീകരണം നടത്തി. റാന്നി സി.ഐ വിപിൻ ഗോപിനാഥ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.