ചെങ്ങന്നൂർ: കൊറോണ രോഗം പത്തനംതിട്ട ജില്ലയിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ ഐസലേഷൻ വിഭാഗം തുടങ്ങുന്നതിനായി സ്ഥലം നിരീക്ഷിക്കാനെത്തിയ ആലപ്പുഴ ജില്ലാ കളക്ടറെയാണ് സമരാനുകൂലികൾ തടഞ്ഞു. ആറുമാസമായി അടഞ്ഞുകിടക്കുന്ന സെഞ്ച്വറി ഹോസ്പിറ്റലിൽ ജീവനക്കാർ 15 ദിവസമായി സത്യാഗ്രഹം നടത്തി വരികയാണ്. ആശുപത്രിയുടെ കവാടത്തിൽ പന്തൽ കെട്ടി സമരത്തിലായിരുന്ന സമരാനുകൂലികൾ കലക്ടറേയും സംഘത്തെയും തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. കളക്ടറോടൊപ്പം ചെങ്ങന്നൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യൂ, ഹെൽത്ത്, ഫയർഫോഴ്‌സ്, മലിനീകരണവിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ സമരസഹായ സമിതി നേതാക്കളായ പി.എം തോമസ്, ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ കെ.ഷിബുരാജൻ,അഡ്വ.ജോർജ് തോമസ് എന്നിവർ ഇടപെട്ട് സമരക്കാരെ അനുനയിപ്പിച്ചു.പിന്നീട് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കളക്ടറും സംഘവും ഹോസ്പിറ്റലിനുളിൽ ആശുപത്രി ജീവനക്കാർ പ്രവേശിപ്പിച്ചത്.
പ്രത്യേക നിയന്ത്രണമെന്ന് കളക്ടർ
ഹോസ്പിറ്റലിലെ മുറികൾ വാർഡുകൾ ഐ.സി.യു തുടങ്ങിയ സൗകര്യങ്ങൾ പരിശോധിച്ചു. പിന്നീട് അടുത്തുള്ള ഗ്രൗണ്ടിൽ എയർ ആംബുലൻസിനുള്ള സൗകര്യവും പരിശോധിച്ചു. മറ്റു സാഹചര്യം കൂടി പരിശോധിച്ചു മാത്രമേ ഇവിടെ ഐസലേഷൻ വിഭാഗം ആരംഭിക്കൂ എന്ന് കളക്ടർ പറഞ്ഞു. ജില്ലയിലുള്ള എല്ലാ താലൂക്കുകളിലും ഐസലേഷൻ വിഭാഗം തുടങ്ങാനുള്ള പരിശോധനയുടെ ഭാഗമായിട്ടാണ് ഇവിടെ എത്തിയെതെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലുള്ള എല്ലാ ആരാധനാലയങ്ങളിലും പ്രത്യേകനിയന്ത്രണം ഏർപ്പെടുത്തണമെന്നും, സ്‌കൂളുകൾ, പൊതുപരിപാടികൾ, വിവാഹങ്ങൾ എന്നിവ താൽക്കാലികമായി മാറ്റിവെക്കണമെന്ന് കളക്ടർ എം.അഞ്ജന അറിയിച്ചു.