റാന്നി: കഴിഞ്ഞ ദിവസം റാന്നിയിൽ കൊറോണ ബാധിച്ചവരെപ്പറ്റി ഒദ്യോഗിക സ്ഥിരീകരണം വന്നതോടെ ജനങ്ങൾ ഭീതിയിലാണ്. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പിന്റയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ബോധവത്കരണവും, ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയെങ്കിലും ജനങ്ങൾക്കിടയിലെ ഭയാശങ്ക കുറഞ്ഞിട്ടില്ല. ഇന്നലെ റാന്നി ടൗണിലും പരിസരങ്ങളിലും എത്തിയ ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും കച്ചവടം കാര്യമായി നടന്നില്ല. ഹോട്ടലുകൾ പലതും ഉച്ചയോടെ അടച്ചു. ഭക്ഷണം കഴിക്കുവാൻ ആളുകൾ ബുദ്ധിമുട്ടിലായി. ബസ് സ്റ്റാൻഡിലും യാത്രക്കാർ കുറവായിരുന്നു. ബസുകളിൽ യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. ഓട്ടോ ടാക്‌സി വാഹനങ്ങളും ടൗണിൽ കുറവായിരുന്നു. ഓഫീസുകൾ പ്രവർത്തിച്ചു. ജീവനക്കാർ മാസ്‌ക്ക് ധരിച്ചാണ് ജോലി ചെയ്തത്.