മല്ലപ്പള്ളി: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി ജോയ്, ഡോ. മാത്യു മാരേട്ട് എന്നിവർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാ യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, ആൾക്കൂട്ട ചടങ്ങുകൾ ലഘൂകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും അഭ്യർത്ഥിച്ചു. താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചവർക്കായി പ്രത്യേക ഒ.പി ആരംഭിക്കുവാൻ തീരുമാനിച്ചു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവരുടെ വിവരങ്ങൾ ജനപ്രതിനിധികളും ആശാ പ്രവർത്തകരും ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറണം. വിസമ്മതം അറിയിക്കുന്നവരെ ബോധവത്ക്കരിക്കും. പൊതുചന്തകൾ താൽക്കാലികമായി നിർത്തുന്നകാര്യം ഗ്രാമ പഞ്ചായത്തുകൾ തീരുമാനിക്കും. സുരക്ഷാ സാമഗ്രികൾക്ക് അധിക വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശരിയായ രീതിയിൽ കൈ കഴുകുവാനും ശരീരശുദ്ധിവരുത്തുന്നതിനും വ്യാപക പ്രചാരണം നൽകും. രോഗലക്ഷണമുള്ളവർ കോഴഞ്ചേരി, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളിൽ എത്തണം. പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്. ആവശ്യമെങ്കിൽ വാഹനങ്ങളും മറ്റ് ശുശ്രൂഷാ സംവിധാനങ്ങളും ക്രമീകരിക്കും. അടിയന്തിര സാഹചര്യമുണ്ടായാൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് തുറക്കണമെന്നും യോഗം നിർദ്ദേശിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശമുവേൽ മല്ലപ്പള്ളി, കെ.കെ. രാധാകൃഷ്ണക്കുറുപ്പ് കുന്നന്താനം, റെജി ചാക്കോ കല്ലൂപ്പാറ, ബിന്ദു ദേവരാജൻ കോട്ടാങ്ങൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ. ദിനേശ്, രോഹിണി ജോസ്, ഷൈലമ്മ മാത്യു, ഓമന സുനിൽ, എസ്. ശ്രീലേഖ, കുഞ്ഞുകോശി പോൾ, കോശി പി. സഖറിയ, ഉണ്ണികൃഷ്ണൻ നടുവലേമുറി, പ്രകാശ് വടക്കേമുറി, മിനുസാജൻ, കെ.സതീശ്, ബിനു ജോസഫ്, പി.കെ. തങ്കപ്പൻ, ഷാഹിദ ബീവി, ബാബു കൂടത്തിൽ, മറിയാമ്മ വറുഗീസ്, സി.എൻ. മോഹനൻ. ബി.ഡി.ഒ.ബി.ഉത്തമൻ എന്നിവർ പങ്കെടുത്തു.