കോന്നി : കൊറോണ ബാധിതർ എത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് കോന്നി വിജനമായി. ഇന്നലെ രാവിലെ മുതൽ സമൂഹ മാദ്ധ്യമങ്ങളിലും മറ്റും കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കൊറോണ ബാധിതർ ചികിത്സയിൽ ഉണ്ടെന്നാണ് പ്രധാനമായും അഭ്യൂഹം ഉയർന്നത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതായും ടൗണിലെ ഒരു ഹോട്ടലിൽ കയറി ഇവർ ഭക്ഷണം കഴിച്ചതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പ്രചരണം വ്യാപകമായതോടെ കോന്നിയും പരിസരങ്ങളും വിജനമായി. ആളുകൾ പുറത്തിറങ്ങാൻ മടിച്ചതോടെ കടകൾ മിക്കതും ഉച്ചയോടെ അടച്ചു. ഹർത്താൽ പ്രതീതിയായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണ് അധികൃതർ വ്യക്തമാക്കിയിട്ടും ജനങ്ങൾ പുറത്തിറങ്ങാൻ വിസമ്മതിച്ചു. സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരം പ്രചരങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കോന്നി താലൂക്ക് ആശുപത്രിയിൽ കൊറോണ രോധബാധയുള്ളവരും സംശയിക്കുന്നവരും എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും ആരുമില്ലെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു. താലൂക്ക് ആശുപത്രയിൽ പ്രത്യേക നിരീക്ഷണ വാർഡുകൾ തുറന്നിട്ടില്ല. പനി ഉൾപ്പടെയുള്ളവയുമായി എത്തുന്നവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയയ്ക്കുകയാണ്.

മാസ്കിനായി കോന്നി നിവാസികൾ നെട്ടോട്ടത്തിലാണ്. മിക്ക മെഡിക്കൽ സ്റ്റോറുകളിലും മാസ്കുകളില്ല. മാസ്കിന് പകരം പലരും തൂവാലയാണ് ഉപയോഗിക്കുന്നത്. അതേസമയം ചില മെഡിക്കൽ സ്റ്റോറുകാർ മാസ്കിന് അമിത വില ഈടാക്കുന്നതായും ഗുണനിലവാരം കുറഞ്ഞവയാണ് വിറ്റഴിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.