തിരുവല്ല: ജില്ലയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് ക്രമീകരിച്ചു. താലൂക്ക് ആശുപത്രിയിലെ പേവാർഡുകൾ ഇതിനായി ഉപയോഗപ്പെടുത്തും. നിലവിൽ പത്ത് പേർക്കുള്ള ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയ് മോഹൻ, ചാത്തങ്കരി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.സുനിതകുമാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ അഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ സജ്ജമാക്കി. ഒരു ഡോക്ടറും മൂന്നു നേഴ്സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് ടീമിലുള്ളത്. കൊറോണ രോഗബാധയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരോ അല്ലാത്തവരോ ഉണ്ടെങ്കിൽ ഇവരെ കർശനമായി നിരീക്ഷിക്കും. ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. നിരീക്ഷണത്തിൽ ഉള്ളവർക്ക് ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ഒരുക്കി ആശുപത്രിയിൽ എത്തിക്കും. തിരുവല്ല താലൂക്കിൽ മൂന്നു പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റലിയിൽ നിന്ന് തെങ്ങേലിയിൽ എത്തിയവരാണ് രണ്ടുപേർ. ഇവർ കോട്ടയത്താണ്. റാന്നിയിലെ കൊറോണ ബാധിതരുമായി ഇടപഴകിയ കോന്നി സ്റ്റേഷനിലെ ഒരു പൊലീസുകാരനാണ് മറ്റൊരാൾ. ഇയാൾ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയുടെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രികളും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

മാസ്ക് കിട്ടാനില്ല, നഗരത്തിലെ തിരക്ക് കുറഞ്ഞു
തിരുവല്ല: കൊറോണയെ പ്രതിരോധിക്കാൻ മാസ്ക്ക് ധരിക്കണമെന്ന അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ക്ഷാമവും തുടങ്ങി. കഴിഞ്ഞ മാസം വരെ ചുരുങ്ങിയ വിലയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകൾ കൂട്ടത്തോടെ വാങ്ങി രോഗബാധിത രാജ്യങ്ങളിലേക്ക് കൂടിയ വിലയ്ക്ക് കയറ്റി അയച്ചവർ പോലും നാട്ടിലുണ്ട്. ഇതിനിടെയാണ് നാട്ടിലും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ മെഡിക്കൽ സ്റ്റോറുകളിലൊന്നും മാസ്‌ക്കുകൾ കിട്ടാനില്ല. കൂടിയ വില നൽകിയാലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. രണ്ടു ദിവസത്തിനുള്ളിൽ മാസ്കുകൾ ലഭിക്കുമെന്നാണ് മെഡിക്കൽ സ്റ്റോർ അധികൃതർ പറയുന്നത്. ജനങ്ങളിലാകെ ഭീതി പരന്നിരിക്കുകയാണ്. നഗരത്തിലെത്തുന്ന ആളുകളും വാഹനങ്ങളും കുറഞ്ഞു. ട്രാഫിക് പ്രശ്‍നങ്ങളും ഇന്ന് കുറവായിരുന്നു. രോഗഭീതി കാരണം ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. ജീവനക്കാർ എത്താതിരുന്നതിനാൽ ചില കടകളും അടഞ്ഞു കിടക്കുകയാണ്.