അടൂർ : അടൂരിൽ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന വാർത്ത ജനത്തെ ആശങ്കയിലും ഭീതിയിലുമാഴ്ത്തി. ഇതോടെ ജനങ്ങൾ വെളിയിൽ ഇറങ്ങാതെയായി. ഇറങ്ങിയർ അതിവേഗം വീടുകളിലേക്ക് പാഞ്ഞു. സംശയത്തിന്റെ പേരിൽ രണ്ടുപേരെ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയതോടെയാണ് കൊറോണ വൈറസ് ബാധ അടൂരിലും എന്ന വ്യാജ പ്രചാരണമുണ്ടായത്. വിവിധ ചാനലുകളിലും ഇത് സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതോടെയാണ് ജനം ഭയത്തിലമർന്നു.സോഷ്യൽ മീഡിയകളാണ് വാർത്താ ചാനലുകളുടെ ക്ളിപ്പിംഗ്സ് എടുത്തിട്ട് പ്രചാരണം നടത്തിയത്. അതേ സമയം യഥാർത്ഥ ചിത്രം ആരും വ്യക്തമാക്കിയുമില്ല. നഗരത്തിൽ പലയിടങ്ങിലും മാസ്ക്കുകൾ ധരിച്ചാണ് ജനം പുറത്തിറങ്ങിയത്. ഒപ്പം മാസ്ക്കുകൾ കിട്ടാതെ വലഞ്ഞവരും ഏറെയുണ്ട്. ജില്ലയിൽ ഭീതി പരത്തിയ വൈറസ് എവിടെയാെക്കെ എത്തിയെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. ഇറ്റലിയിൽ നിന്നും എത്തിയവർ തട്ടയിലുള്ള ബന്ധുവീടുകളിൽ എത്തിയെന്ന പ്രചാരണവുണ്ട്. ഇതും അടൂർ ജനറൽ ആശുപത്രിയിൽ കൊറോണ വൈറസ് ബാധയുണ്ടെന്നുമായ പ്രചാരണം കൊഴുത്തതോടെ സാധാരണ പനി ബാധിച്ചവരും ഭീതിയിലാണ്ടു.