പത്തനംതിട്ട: ജനറൽ ആശുപത്രി കൊറോണ ഐസൊലേഷൻ വാർഡിൽ നിന്ന് കഴിഞ്ഞ രാത്രി ചാടിപ്പോയ യുവാവിനെതിരെ പബ്ലിക്ക് ഹെൽത്ത് ആക്ട് പ്രകാരം കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.

റാന്നി വച്ചൂച്ചിറ സ്വദേശിയായ 26കാരൻ പരിശോധനയ്ക്കായി സ്രവം എടുക്കാൻ പുറത്തേക്കു പോയ തക്കത്തിൽ തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് ചാടിപ്പോവുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ യുവാവിനെ വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് കണ്ടെത്തി ആശുപത്രിയിൽ തിരിച്ചെത്തിച്ചു. കൊറോണ വാർഡ് കണ്ട് ഭയന്ന് പോയതാണെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റായ യുവാവ് കഴിഞ്ഞ മാസത്തെ കളക്ഷൻ പിരിച്ച് അടക്കാനുളളതിനാൽ മുങ്ങിയതാണെന്നും പറയപ്പെടുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി കൊറോണ വാർഡിനുളള സുരക്ഷ വർദ്ധിപ്പിച്ചു.