പ്രമാടം: പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി കോവിഡ്19 വൈറസ് വ്യാ​പനത്തെ തടഞ്ഞു നിറുത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി വിലയിരുത്തൽ യോഗം ചേർന്നു.
പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻജോസ് നിലവിലുള്ള സാഹചര്യം സംബന്ധിച്ച് വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനിത വർഗീസ് രോഗം വരുന്ന മാർഗങ്ങളെ സംബന്ധിച്ചും അതിന് സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ സംബന്ധിച്ചും നിലവിലുള്ള സാഹചര്യത്തെ സംബന്ധിച്ചും ക്ലാസിൽ വിശദമായി സംസാരിച്ചു.പ്രമാടം പഞ്ചായത്തിലെ 19വാർഡ് പ്രദേശങ്ങളിലും ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശമുയർത്തിയുള്ള ലഘുലേഖകൾ തയാറാക്കി നൽകുന്നതിനും എല്ലാ വാർഡിലെയും കുടുംബശ്രീ യൂണിറ്റുകളുടെ ആരോഗ്യ വോളണ്ടിയർമാരുടെ യോഗം 15ന് മുമ്പ് വാർഡുകളിൽ ചേരുന്നതിനും പൊതുസ്ഥലങ്ങളിലും വിട്ടുകിട്ടിയ സ്ഥാപനങ്ങളിലും മുൻകരുതൽ നിർദ്ദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നതിനും പഞ്ചായത്തിന്റെ പരിധിയിൽ പൊതു പരിപാടികൾ പരമാവധി ഒഴിവാക്കുന്നതിനും വാർഡുതല സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ ഭവനസന്ദർശനങ്ങൾ നടത്തുന്നതിനും തീരുമാ​നിച്ചു. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന പഞ്ചായത്തിലെ ആളുകൾ മടികൂടാതെ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുന്നതിനും വാർഡ് തലത്തിൽ ഒരു രജിസ്റ്റർ തയാറാക്കുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്,പഞ്ചായത്ത് അംഗങ്ങളായ സുലോചനദേവി,ആനന്ദവല്ലിഅമ്മ,സുശീല അജി, എം.വി.ഫിലിപ്പ്, കെ.പ്രകാശ് കുമാർ,കെ.എം.മോ​ഹനൻ,ടി.ജി. മാ​ത്യു,അന്നമ്മ ഫി​ലി​പ്പ്,കെ.ആർ.പ്രഭ,പി. കെ.ഉ​ത്തമൻ,സജിത അജി,ദീപാ രാജൻ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാ എന്നിവർ പ്രസംഗിച്ചു.ജനപ്രതിനിധികളെ കൂടാതെആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ​രും ആശാ പ്രവർത്ത​കരും യോഗത്തിൽ പങ്കെടുത്തു.