പത്തനംതിട്ട: ജില്ലയിൽ കൊറോണ രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജി.പി.എസ് സംവിധാനമേർപ്പെടുത്തി. രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘമാണ് വീടുകളിൽ കഴിയുന്ന 733 പേരെ നിരീക്ഷിച്ച് ചികിത്സാ നിർദേശങ്ങൾ നൽകുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണു ടീമിന്റെ പ്രവർത്തനം.
ജി.പി.എസ് സംവിധാനം ഉപയോഗിച്ച് വീടുകളിൽ കഴിയുന്നവർ വീടുകൾക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് പോകുകയാണെങ്കിൽ നിയമ നടപടി സ്വീകരിക്കും.
ദിവസവും രാവിലെയും വൈകിട്ടും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റും.
ഡോ.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ട്രാക്ക് ചെയ്യുന്നതും കൗൺസിലിംഗ് നൽകുന്നതും മെഡിക്കൽ സംഘത്തിൽ നിന്നുള്ളവരാണ്.