റാന്നി: റാന്നി സ്വദേശികളായ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥീരികരിച്ചതോടെ അതീവ ജാഗ്രതയിലാണ് പ്രദേശം. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ജാഗ്രതാ നിർദ്ദേശങ്ങളും ബോധവത്ക്കരണവുമായി രംഗത്തുണ്ട്. ഇറ്റലിയിൽ നിന്ന് എത്തിയ കൊറോണ വാഹകരെ കണ്ടെത്തിയ പഴവങ്ങാടി പഞ്ചായത്തിലെ ഐത്തലയിൽ കടുത്ത നിർദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ഇവിടെ വീടുകളിൽ 34 കുടുംബങ്ങൾ നിരീക്ഷണത്തിലാണ്.
ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രദേശങ്ങളിൽ പ്രവർത്തനസജ്ജമാണ്.
ഇന്നലെയും റാന്നി ടൗണിലും പരിസരങ്ങളിലും എത്തിയ ആളുകളുടെ എണ്ണം തീരെ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ മിക്കവയും അടച്ച നിലയിലായിരുന്നു. ബസ് സ്റ്റാൻഡിലും യാത്രക്കാർ കുറവായിരുന്നു. ബസുകൾ മിക്കവയും യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. ഓട്ടോ ടാക്സി വാഹനങ്ങളും ടൗണിൽ കുറവായിരുന്നു. കോഴഞ്ചേരി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ടൗണിലെത്തിയവർ പലരും ഉൾവലിഞ്ഞു. ഇട്ടിയപ്പാറ ടൗണിൽ പ്രവർത്തി ച്ചിരുന്ന ബിവറേജ് ഔട്ട് ലെറ്റ് തിങ്കളാഴ്ച വൈകിട്ടോടെ അടച്ചു. ഇറ്റലിയിൽ നിന്നെത്തിയവർ നേരിട്ട് എത്തിയ സ്ഥാപനങ്ങളുടെയും, നേരിട്ട് ഇടപെട്ടവരുടെയും കണക്ക് ഇന്നലെയും തയ്യാറാക്കി വരുന്നു. വരും ദിവസങ്ങളിൽ റാന്നിയിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.