പത്തനംതിട്ട: കൊറോണ ആശങ്കകൾക്കിടെ ഇന്നലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കു തുടക്കമായി. ജില്ലയിൽ 168 പരീക്ഷാ കേന്ദ്രങ്ങളിലായി 10,490 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നു.

മിക്ക സ്‌കൂളുകളിലും കുട്ടികൾ മാസ്‌ക് ധരിച്ചാണ് പരീക്ഷയ്‌ക്കെത്തിയത്. മാസ്‌ക് വിതരണം ചെയ്യാൻ സ്‌കൂൾ അധികൃതരോടു നിർദേശിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. കുട്ടികൾ സ്വന്തം ചെലവിൽ മാസ്‌കുകൾ കൊണ്ടുവരികയായിരുന്നു. ചില സ്ഥലങ്ങളിൽ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് മാസ്‌ക് വിതരണം ചെയ്തു.
ഹയർ സെക്കൻഡറി ഒന്നും രണ്ടു വർഷ പരീക്ഷകൾക്കായി 20,000 കുട്ടികളോളം ഉണ്ടാകും. ഹയർ സെക്കൻഡറി പരീക്ഷ ഗ്രൂപ്പ് അടിസ്ഥാനത്തിലായതിനാൽ എല്ലാ കുട്ടികൾക്കും എല്ലാദിവസവും പരീക്ഷയ്‌ക്കെത്തേണ്ടതില്ല.
കൊറോണ പശ്ചാത്തലത്തിൽ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിരീക്ഷണം ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളിലുണ്ട്.

ക്ലാസുകളിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികളെ കൂടുതൽ ഇരുത്തരുതെന്നും സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും നിർദേശമുണ്ട്.

പരീക്ഷയെഴുതുന്ന കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു.

1.ഒരു പ്രശ്‌നങ്ങളുമില്ലാതെ എഴുതുന്നവർ.

2.കൊറോണ ബാധിത മേഖലകളിൽ നിന്ന് വരുന്നവർ.

3.കൊറോണ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവർ.

കൊറോണ രോഗികളുമായി ഇടപെട്ട രണ്ട് കുട്ടികൾ പരീക്ഷയെഴുതി

പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തിലായ രണ്ട് കുട്ടികളെ പ്രത്യേക ക്ലാസ് മുറികൾ സജ്ജമാക്കി പരീക്ഷയ്ക്കിരുത്തി. റാന്നിയിൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കാണ് ഈ കുട്ടികൾ എത്തിയത്. കൊറോണ മേഖലകളിൽ നിന്നെത്തുന്ന കുട്ടികൾക്ക് മാസ്‌കും മറ്റു സുരക്ഷാ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.