pta

പത്തനംതിട്ട: കൂടുതൽ ആളുകളിൽ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിലെ നഗരങ്ങളും ജംഗ്ഷനുകളും വിജനമായി. അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതായി. തൊഴിൽ മേഖല പ്രതിസന്ധിയിലായി. മുൻകരുതലായി റാന്നിയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും രണ്ടു ദിവസമായി തുറന്നിട്ടില്ല. കൊറോണ ബാധിച്ച രോഗികൾ റാന്നിയിലെയും പത്തനംതിട്ടയിലെയും വ്യാപാര സ്ഥാപനങ്ങളിലെത്തിയെന്ന പ്രചാരണമാണ് ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടാൻ കാരണമായത്. രോഗികൾ സമ്പർക്കം പുലർത്തിയ മറ്റ് ബന്ധുക്കളിലും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കകൾ ഏറി.

കെ.എസ്. ആർ.ടി. സി, സ്വകാര്യ ബസുകളിൽ ഇന്നലെയും യാത്രക്കാർ കുറവായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് റാന്നി വഴി മുണ്ടക്കയം, പുനലൂർ, തിരുവല്ല റൂട്ടുകളിലെ 5 ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ടിക്കറ്റ് വിൽപ്പനയിലൂടെ ദിവസം 7.75ലക്ഷം രൂപ വരുമാനം ലഭിച്ചുകൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ തിങ്കളാഴ്ചത്തെ വരുമാനം 6.20 ലക്ഷമായിരുന്നു. സ്കൂൾ പരീക്ഷകൾ നട‌ക്കുന്നതിനാൽ ഗ്രാമ പ്രദേശങ്ങളിലെ സർവീസുകൾ നിറുത്തിയിട്ടില്ല.

കൊറോണ സ്ഥിരീകരിച്ച റാന്നി എെത്തലയിലേക്കുളള സ്വകാര്യ ബസുകളിൽ ചിലത് നിറുത്തലാക്കി. യാത്രക്കാർ കുറവാണെന്ന് ജീവനക്കാർ പറഞ്ഞു.

അതേസമയം, ആളുകൾ ഭയക്കേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആവർത്തിച്ച് അറിയിച്ചു. ആവശ്യമെങ്കിൽ ആശുപത്രികളിൽ കൂടുതൽ െഎസൊലേഷൻ വാർഡുകൾ തുറക്കും. ആളുകൾ കൂടുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

>> റാന്നിയിൽ നൂറുകണക്കിനാളുകൾ നിരീക്ഷണത്തിൽ

കൊറോണ സ്ഥിരീകരിച്ച റാന്നിയിൽ നൂറുകണക്കിനാളുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഓട്ടോറിക്ഷ തൊഴിലാളികൾ, ദിവസ വേതനത്തിനു ജോലിയെടുക്കുന്നവർ, ടാക്‌സി ഡ്രൈവർമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കർഷകർ തുടങ്ങിയവർ ഇതിൽപ്പെടും. കേരളത്തിനു പുറത്തു നിന്ന് അവധിക്ക് വീടുകളിലെത്തിയവരും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലായവരെ കുറഞ്ഞത് 14 ദിവസം കഴിയാതെ പുറത്തിറക്കില്ല. കുടുംബങ്ങളുടെ ദൈനംദിന ചെലവുകളെ ഇത് ബാധിക്കും. ഇവരുടെ വീടുകളിലേക്ക് സൗജന്യ റേഷൻ എത്തിക്കണമെന്ന് റാന്നി എം.എൽ.എ രാജു ഏബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട, റാന്നി മേഖലകളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും ആളുകൾ കുറഞ്ഞു. പുറമേ നിന്നുളളവർ എത്താത്തതിനാൽ തിരക്കില്ല.

കരാറുകാർ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ ജോലിക്കാരെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നാട്ടിലെ സ്തംഭനാവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആരോഗ്യ വകുപ്പ് ബോധവൽക്കരണ പരിപാടികൾ തുടങ്ങി.