തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർത്തോമ്മാ സഭയുടെ ഇടവകകളിലെ ദേവാലയങ്ങളിൽ ഈമാസം 31വരെ നടക്കുന്ന വിവാഹ ശുശ്രൂഷയ്ക്ക് പരമാവധി 15പേരും സംസ്‌ക്കാര ശുശ്രൂഷയ്ക്ക് കുടുംബാംഗങ്ങൾ മാത്രവും പങ്കെടുക്കാവൂ.രോഗലക്ഷണങ്ങളുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്നു ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്.കുർബാന,പള്ളി കൂദാശകൾ,ഇടവക സംഘയോഗങ്ങൾ,നോമ്പു പ്രാർത്ഥന ഉൾപ്പെടെയുള്ള മറ്റുകൂദാശകളും യോഗങ്ങളും 31വരെ ഒഴിവാക്കി.എന്നാൽ പരസ്യാരാധന,രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് വികാരിമാർക്ക് യുക്താനുസരണം ചെറിയ കൂട്ടങ്ങളായി നടത്താം. സ്‌കൂൾ, കോളേജ്, മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനകളിലെ വാർഷിക യോഗങ്ങൾ,യാത്രയയപ്പ്,പൊതുപരിപാടികൾ,വിനോദ യാത്രകൾ എന്നിവ ഈസ്റ്റർ വരെ ഒഴിവാക്കി. ഏപ്രിൽ 4ന് കൊല്ലം തേവള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്താനിരുന്ന സഫ്രഗൻ മെത്രാപ്പോലിത്താ നിയോഗശുശ്രൂഷയും മാറ്റിവച്ചു. ഹസ്തദാനം ഉൾപ്പെടെയുള്ള സാമൂഹികാചാരക്രമങ്ങളിലും സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.ഭവന പൊതു സന്ദർശനങ്ങൾ രോഗബാധിതർ പൂർണമായും ഒഴിവാക്കണം.മറ്റുള്ളവർ അത്യാവശ്യങ്ങൾക്കു മാത്രമായി സന്ദർശനങ്ങൾ പരിമിതപ്പെടുത്തണം.കൊറോണ വൈറസ് ബാധ തടയുന്നതിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികളോട് എല്ലാവരും സഹകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും സഭാദ്ധ്യക്ഷൻ ഡോജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത അറിയിച്ചു.