തിരുവല്ല : റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികൾ കൂടുതലായി എത്തുന്ന ട്രെയിനുകളിൽ പൊലീസ് റെയ്ഡ് നടത്തി നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലയിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ കടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഷാലിമാർ- നാഗർകോവിൽ എക്‌സ്പ്രസ്,സിൽച്ചർ-തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ നടത്തിയ പരിശോധനയിൽ 20 കിലോയോളം നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്ത് 18 പേരെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ പി.ആർ.സന്തോഷ്, ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് അംഗങ്ങൾ, ആൻഡി നാർക്കോട്ടിക് ഡോഗ് സ്‌ക്വാഡ് എന്നിവർ പങ്കെടുത്തു.