അടൂർ : ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ രക്ത പരിശോധനാഫലം ഇന്ന് ലഭിക്കും. ഇവരിൽ കൊറോണ ബാധ ഇല്ലെന്നാണ് പ്രാഥമിക നിഗമം. രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നശേഷമേ ഡിസ് ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കു. ഇന്നലെ ജനറൽ ആശുപത്രിയിൽ കുവൈറ്റിൽ നിന്ന് വന്നവരുൾപ്പെടെ പനി, ചുമ തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ചികിത്സ തേടിയിരുന്നു. പുറം രാജ്യങ്ങളിൽ നിന്ന് എത്തിയവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തി റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ച് പതിനഞ്ചോളം പേരെത്തി. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ നിരീക്ഷണം വേണമെന്ന നിർദ്ദേശം നൽകി മടക്കി അയച്ചു. അതേ സമയം ഒ. പി വിഭാഗത്തിൽ രോഗികൾകുറവായിരുന്നു. ശരാശരി 1200 മുതൽ 1500 വരെ രോഗികൾ പ്രതിദിനം ഒ. പിയിൽ എത്തുമായിരുന്നു. ഇന്നലെ എണ്ണൂറിൽ താഴെപ്പേർ മാത്രമാണ് ചികിത്സതേടിയെത്തിയത്. രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കാഷ്യാലിറ്റിയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.സുഭഗൻ പറഞ്ഞു.കാഷ്വാലിറ്റി സംവിധാനം പൂർണ്ണ സജ്ജമാണ്. എെസൊലേഷൻ വാർഡിൽ പത്ത് മുറുകളും സജ്ജമാക്കിയിട്ടുണ്ട്.