പത്തനംതിട്ട : ജില്ലയിൽ കൊറോണ നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലെന്ന നിലയിൽ റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പന്തളം അർച്ചന ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡ് തുറക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനാണിത്. ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻവേണ്ടി കോന്നി മെഡിക്കൽ കോളേജ്, മേനാംതോട്ടം മെഡിക്കൽ മിഷൻ ആശുപത്രി, റാന്നി അയ്യപ്പ ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികൾ മേനാംതോട്ടം ആശുപത്രിയിൽ ലഭ്യമാണ്. അടിയന്തരഘട്ടം വന്നാൽ 20 മുറികൾ കൂടി ലഭ്യമാണ്. പന്തളം അർച്ചന ഹോസ്പിറ്റലിൽ 32 മുറികൾ ലഭ്യമാണ്. അർച്ചനാ ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായാണ് 32 മുറികൾ ഐസൊലേഷനായി ഉപയോഗിക്കുക.

തിരുവല്ല സബ്കളക്ടർ ഡോ.വിനയ് ഗോയൽ, എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സുഷൻ, പന്തളം നഗരസഭ ചെയർപേഴ്‌സൺ ടി.കെ സതി, വൈസ് ചെയർമാൻ ആർ.ജയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.