പത്തനംതിട്ട: കൊറോണ ലക്ഷണങ്ങളുമായി ആശുപത്രികളിലും വീടുകളിലും കഴിയുന്നവർ ഭക്ഷണം കിട്ടാതെ വലയുന്നു. ആയിരത്തോളം ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. സ്വന്തം വീട്ടിൽ മുറികളിൽ കഴിയുന്നവർക്ക് ഉറ്റവരുടെ സാമീപ്യമില്ല. പുറം ലോകം കാണാൻ കഴിയുന്നില്ല. ഉറ്റവർ പുറത്തേക്ക് പോകുന്നതിനും നിയന്ത്രണമുണ്ട്. ഇൗ വീടുകളിൽ കഴിയുന്നവർ സാധാനങ്ങൾ വാങ്ങാൻ പുറത്തുപോകാറില്ല. മൂന്ന് ദിവസമായി വീടുകളിൽ കഴിയുന്നവരുടെ ഭക്ഷ്യ സാധനങ്ങൾ തീർന്നു. അവശ്യസാധനങ്ങളും മരുന്നുകളും കുട്ടികൾക്കുളള സാധനങ്ങളും ലഭിക്കാതെ ഒറ്റപ്പെട്ടിരിക്കുകയാണിവർ. പ്രമേഹ രോഗികളും ഗർഭിണികളും ഹൃദ്രോഗികളും ഇവരിലുണ്ട്.
വീടുകളിൽ െഎസൊലേഷൻ മുറികളിൽ കഴിയുന്നവരിൽ പകുതിയോളം പേരും റാന്നിയിലാണ്. ഇവിടെ കടകളിൽ ചിലതൊക്കെ തുറന്നിട്ടുണ്ടെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നില്ല. നിരീക്ഷണത്തിലുളളവരുടെ വീടുകളിലേക്ക് കൊറോണ ഭീതി കാരണം മറ്റുളളവരും പോകുന്നില്ല. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്. ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളെത്തിക്കാൻ സപ്ളൈകോയോടും കുടുംബശ്രീയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സന്നദ്ധ സംഘടനകൾക്കുമില്ല. മാസ്കും കൈയുറയും സാനിറ്റൈസറും മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ല. നാല് ദിവസമായി ക്ഷാമം നേരിട്ടിട്ടും ഇവയെത്തിക്കാനുളള നടപടി ആയില്ല.
>>
സഹായം നൽകണം : ഡി.എം.ഒ
കോറോണയുടെ പേരിൽ ഏകാന്തത അനുഭവിക്കുന്നവർക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സഹായിക്കണമെന്ന് ഡി.എം.ഒ ഡോ. എൽ.ഷീജ അഭ്യർത്ഥിച്ചു. സംശയമുളളവരെ നിരീക്ഷണത്തിലാക്കിയത് അവരുടെ വീട്ടുകാർക്ക് വേണ്ടി മാത്രമല്ല, സമൂഹത്തിന് വേണ്ടിയാണ്. അവർക്ക് എല്ലാ പിന്തുണയും നൽകാൻ നമുക്ക് ബാദ്ധ്യതയുണ്ട്.
വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങൾ, അവശ്യവസ്തുക്കൾ, വെള്ളം, കുഞ്ഞുങ്ങൾക്ക് വേണ്ട സാധനങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ഇത് അവർക്ക് ലഭ്യമാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോർക്കണം. കുടുംബശ്രീ, സന്നദ്ധസംഘടനകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും ഇതിൽ പങ്കാളികളാകാമെന്ന് ഡി.എം.ഒ പറഞ്ഞു.