മലയാലപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയിൽ മലയാലപ്പുഴ കാഞ്ഞിരപ്പാറയിൽ പിടികൂടിയത് സമീപകാലത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ ചീട്ടുകളി സംഘത്തെ. കാഞ്ഞിരപ്പാറ തുറുന്തയിൽ രാജേഷിന്റെ വീട്ടിൽ നിന്നാണ് രാത്രി 1.30ന് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് 27 അംഗ സംഘത്തിലെ 25 പേരെ പിടികൂടിയത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു, മലയാലപ്പുഴ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കൂടുതൽ ആളുകൾ കളിക്കുന്നതിന് എത്തിയിരുന്നു. ഇവരിൽ നിന്ന് 7.51 ലക്ഷം രൂപയും പിടിച്ചെടുത്തു. മതിലിനുള്ളിലുള്ള പഴയ വീട്ടിൽ പുറമേ നിന്ന് ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത വിധമാണ് പണം വച്ചുള്ള ചീട്ടുകളി നടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ.എസ്.പി ആർ. ജോസിന്റെ നിർദേശാനുസരണം ലോക്കൽ പൊലീസിനെ അറിയിക്കാതെ പ്രത്യേക സംഘം അർദ്ധരാത്രിയിൽ വീട് വളയുകയായിരുന്നു. ഓടി രക്ഷപ്പെട്ട വീട്ടുടമ രാജേഷ് പിന്നീട് മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങി. എസ്.ഐമാരായ ആർ.എസ്.രൻജു, എസ്.രാധാകൃഷ്ണൻ,എസ്.വിൽസൺ, ടി.ഡി.ഹരി,സി.പി.ഒ.മാരായ വിഷ്ണു രാജ്,ഷംനാദ്,അനൂപ്,രൻജു കൃഷ്ണൻ,ശ്രീരാജ് എന്നിവരടങ്ങിയതായിരുന്നു പൊലീസ് സംഘം.വരും ദിവസങ്ങളിൽ റെയിഡ് തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പ​റഞ്ഞു.