ഓമല്ലൂർ : ഗ്രാമസംരക്ഷണസമിതിയുടെയും വാർഡ്‌മെമ്പർമാരുടെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികളുടെ സാന്നിദ്ധ്യത്തിൽ വഴിയോരകച്ചവടക്കാരിൽ നിന്നും മായം കലർന്ന പിടിച്ചെടുത്ത് നശിപ്പിച്ചു.ഓമല്ലൂർ - കൈപ്പട്ടൂർ റോഡിൽ പഞ്ചായത്തിന്റെ അനുവാദം കൂടാതെ കച്ചവടം നടത്തിയിരുന്നവരിൽ നിന്നും ഇന്നലെ ഓറഞ്ച് വാങ്ങി കഴിച്ചവർക്ക് ശർദ്ദിലും ജലദോഷവും വന്നിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.പരിശോധനയിൽ ഓറഞ്ചിന്റെ ഉള്ളിൽ നിന്നും ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തുകയുണ്ടായി.ഇത് ഓറഞ്ച് കേടുകൂടാതിരിക്കുവാൻ രാസവസ്തു സിറിഞ്ചിൽ കുത്തിവെയ്ക്കുന്നതാണെന്നും പിന്നീട് കട്ടിയാവുന്നതാണന്നും വില്പനക്കാരൻ പറഞ്ഞു.ഉടൻ ജില്ലാ കളക്‌ട്രേറ്റുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി തെളിവ് ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.കൈപ്പട്ടൂർ മുതൽ പുത്തൻപീടിക വരെയുള്ള മുഴുവൻ വഴിയോര കച്ചവടക്കാരേയും ഗ്രാമസംരക്ഷണ സമിതിയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ ഒഴിപ്പിച്ചു. കോറോണഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വഴിയോര കച്ചവടങ്ങൾ അനുവദിക്കില്ലെന്നും ഗ്രാമസംരക്ഷണസമിതി അറിയിച്ചു.പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയം, ജനറൽ സെക്രട്ടറി മനുഡി.ചരുവിളയിൽ,മനു,മോഹൻ മുള്ളനിക്കാട്,സന്തോഷ് പൈവള്ളി,പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി മനോജ്,ഹാപ്പി എന്നിവർ നേതൃത്വം നൽകി.