തിരുവല്ല: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പുളിക്കീഴ് ബ്ലോക്കിൽ ഊർജ്ജിത പ്രതിരോധ നടപടികളും ബോധവത്ക്കരണവും നടത്താൻ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു.ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും നിലവിലുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഫെബ്രുവരിയിൽ വിവിധ തലങ്ങളിൽ വ്യാപകമായ ബോധവത്ക്കരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി ബ്ലോക്ക് പ്രദേശത്തെ എല്ലാ വീടുകളിലും ലഘുലേഖകൾ വിതരണം ചെയ്യാനും ഇതര സംസ്ഥാന തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർക്കു ബോധവത്ക്കരണം നല്കാനും യോഗത്തിൽ തീരുമാനമായി. ബ്ലോക്ക് പ്രസിഡന്റ് അംബിക മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ,സതീഷ് ചാത്തങ്കരി,വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനിൽ കുമാർ,ശോശാമ്മ മജു,അംഗങ്ങളായ എം.ബി.നൈനാൻ,അനുരാധ സുരേഷ്,പ്രസന്നകുമാരി,അന്നമ്മ വർഗ്ഗീസ്,സെക്രട്ടറി ബീനാകുമാരി, സി.എച്ച്.സി.മെഡിക്കൽ ഓഫീസർ ഡോ.സുനിതകുമാരി,ഹെൽത്ത് സൂപ്പർവൈസർ കെ.എം.സാബുക്കുട്ടി എന്നിവർ പ്രസംഗിച്ചു.ബ്ലോക്കിനു കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പങ്കെടുത്തു.

ശ്രദ്ധിക്കാൻ..........

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകൾ എത്രയുംവേഗം അധികാരികളെ അറിയിക്കാനും ശ്രദ്ധിക്കേണ്ടതാണ്.ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കി നിയന്ത്രണ പരിപാടികളോട് സഹകരിക്കണം.വ്യക്തി,പരിസര ശുചിത്വം പാലിക്കുന്നതോടൊപ്പം ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകഴുകുന്നത് രോഗപ്പകർച്ചയെ തടയുന്നതാണ്.ഹസ്തദാനം ഒഴിവാക്കുന്നതും അഭികാമ്യമായിരിക്കും.


സാമ്പിളുകൾ നെഗറ്റിവ്

പുളിക്കീഴ് ബ്ലോക്കിന്റെ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ ആർക്കും ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 13 പേരാണ് ഹോം ക്വാറന്റയിനിൽ ഉണ്ടായിരുന്നത്.ഇതിൽ ക്വാറന്റയിൻ സമയം പൂർത്തിയാക്കാൻ രണ്ടു പേരാണു ശേഷിക്കുന്നത്.മൂന്നു ദിവസത്തിനുള്ളിൽ ഇവരുടെ സമയവും പൂർത്തിയാകും.ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഏഴുപേരുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധിച്ചെങ്കിലും അഞ്ചു പേരുടെ ഫലവും നെഗറ്റിവാണ്.രണ്ടുപേരുടെ ഫലം ഇന്നോ നാളെയോ ലഭിക്കും.ഹോം ക്വാറന്റയിൻ നിഷ്‌കർഷിക്കാത്ത വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 40ഓളം ആളുകളെ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.നിലവിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളില്ല.

വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ അതാത് പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് അധികാരികളെ വിവരമറിയിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം

അംബിക മോഹൻ

(ബ്ലോക്ക് പ്രസിഡന്റ് )​

-40 പേർ നിരീക്ഷണത്തിൽ

-ചെറിയ ലക്ഷണങ്ങൾ കണ്ടവരുടെ സാമ്പിളുകൾ പരിശോധിച്ചു