പത്തനംതിട്ട: കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സപ്ലൈകോ വഴി ഭക്ഷണസാധനങ്ങൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. വാട്ടർ അതോറിട്ടി വഴി കുടിവെള്ളവും എത്തിക്കും.
കളക്ടറേറ്റിലെ 60 പേർ അടങ്ങുന്ന കോൾ സെന്ററിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീടുകളിൽ കഴിയുന്നവരിൽ ആവശ്യമുള്ളവർക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും എത്തിക്കുന്നത്. കോൾ സെന്ററിൽ നിന്ന് ദിവസവും ഇവരുമായി ടെലഫോൺ വഴി ബന്ധപ്പെടും. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ദിവസവും നൽകും. പഞ്ചായത്ത് വകുപ്പും കുടുംബശ്രീ, സപ്ലൈകോ ഓഫീസറും ചേർന്നാണ് അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കുന്നത്. ഇതിനായി വോളന്റീയർമാരും സന്നദ്ധരായിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും നഗരസഭയുടെ നേതൃത്വത്തിൽ എത്തിക്കും.
ജനപ്രതിനിധികളുടെ യോഗം
വീടുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ജനപ്രതിനിധികളുടെ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, പത്തനംതിട്ട നഗരസഭാ അധ്യക്ഷ റോസ്‌ലിൻ സന്തോഷ്, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണൻ, ഡി.എം.ഒ ഡോ:എഎൽ ഷീജ (ആരോഗ്യം), എം.പി, എംഎൽഎമാരുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.