പത്തനംതിട്ട: കൊറോണ രോഗബാധയെ തുടർന്ന് വീടുകളിൽ കഴിയുന്നവർ പൊതുഇടങ്ങളിലേക്ക് പോകുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കും.
പത്തു പേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ടീമിലുള്ള കൗൺസിലർമാർ ഇവരെ ഫോണിൽ ബന്ധപ്പെടുകയും ഇവർക്ക് മാനസിക പിന്തുണ നൽകുകയും ചെയ്യും. എതെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഡോ.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ട്രാക്ക് ചെയ്യുന്നതും കൗൺസലിംഗ് നൽകുന്നതും മെഡിക്കൽ സംഘത്തിൽ നിന്നുള്ളവരാണുള്ളത്.
14 ദിവസം നിർണായകം
പത്തനംതിട്ട: കൊറോണ ഭീഷണി നിലനിൽക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് അടുത്ത രണ്ടാഴ്ച നിർണായകമാണെന്ന് ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ.ജിബി വർഗീസ്. നിരീക്ഷണത്തിലിരിക്കുന്നവരുടെ ഫലം നെഗറ്റീവ് ആണെന്ന് ഇപ്പോൾ കണ്ടാലും 14 ദിവസത്തെ കാലയളവിൽ വീണ്ടും പരിശോധനയ്ക്ക് അയച്ച് മാറ്റമുണ്ടാകുന്നുണ്ടോയെന്നു വിലയിരുത്തണം. പോസിറ്റീവ് ഫലം ഉള്ളവരെ ഫലം നെഗറ്റീവ് ആയെങ്കിൽ മാത്രമേ പുറത്തു പോകാൻ അനുവദിക്കൂ. പ്രസ്‌ക്ലബിൽ കൊറോണ പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാസ്ക് ധരിക്കുന്നതിലെ അറിവില്ലായ്മ ദോഷം ചെയ്യും. മാസ്‌ക് ധരിക്കുന്നതിലെ അജ്ഞത കാരണം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. ആറ് മണിക്കൂറിലധികം ഒരു മാസ്‌ക് ധരിക്കാനാകില്ല. തന്നെയുമല്ല ധരിക്കാനെടുക്കുമ്പോഴും ധരിച്ചു കഴിഞ്ഞും മാസ്‌കിൽ പിടിക്കുന്നതും ശരിയല്ല. കൈകൾ വൃത്തിയായി കഴുകുകയാണ് വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.
സാനിറ്റൈസർ ഉപയോഗിക്കണം
സാനിറ്റൈസർ ഉപയോഗിച്ചുതന്നെ കൈകൾ വൃത്തിയാക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കുന്നതിനു പരിശീലിക്കുകയാണ് വേണ്ടത്. ആശുപത്രികൾ, മറ്റ് പൊതുഇടങ്ങൾ എന്നിവയിൽ പോകുന്നവർ നിർബന്ധമായും കൈകൾ കഴുകണം. കൈ കൊണ്ട് കൂടെക്കൂടെ മുഖത്ത് സ്പർശിക്കുന്ന പ്രവണത ഒഴിവാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധ ചെലുത്തണം. ഇത്തരത്തിൽ പ്രാഥമികമായ ശ്രദ്ധ ചെലുത്തിയാൽ രോഗ പ്രതിരോധരംഗത്ത് ഒരു പരിധിവരെ വിജയിക്കാനാകും. കൊറോണ വൈറസിന്റെ ആയുസ് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമായിട്ടില്ല.