തിരുവല്ല: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജേഷ്ഠന് കൂട്ടിരിക്കാനെത്തിയ യുവാവിനെ കാണാതായതായി പരാതി.അടൂർ പള്ളിക്കൽ സുജിത്ത് നിവാസിൽ സുരാജി(28)നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിമുതൽ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.മൂത്ത സഹോദരൻ സുജിത്തിന്റെ കൈ ഒടിഞ്ഞതിനെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി സുരാജാണ് ജേഷ്ഠന് കൂട്ടിരിക്കാൻ പോയത്. ഇതിനിടെ വാർഡിലുള്ള മറ്റു രോഗികളുടെ ബന്ധുക്കളുമായി ഇയാൾ ബഹളം വച്ചുവെന്ന പരാതിയിൽ തിരുവല്ല പൊലീസ് സുരാജിനെ കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം പിറ്റേന്ന് തന്നെ സുരാജിനെ ബസ് കയറ്റി വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഇയാൾ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അടൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അടൂരിൽ നിന്ന് പരാതി തിരുവല്ല പൊലീസിലേക്ക് കൈമാറി.തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.