പള്ളിക്കൽ: സ്വത്ത് തട്ടിയെടുത്ത മകനും മരുമകളും പിതാവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. പള്ളിക്കൽ പഴകുളം പടിഞ്ഞാറ് മുറിയിൽ പോത്തറയിൽ വടക്കേ കല്ലുവിളയിൽ രവി (65) ആണ് പെരുവഴിയിലായത്. രവിയെ ഇപ്പോൾ ജനപ്രതിനിധികളുടെ സഹായത്തോടെ അടൂർ മഹാത്മാ ജന സേവന കേന്ദ്രത്തിൽ സംരക്ഷണത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രവിക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. ഭാര്യ മരിച്ചതിനു ശേഷം ഉള്ള സ്ഥലം മക്കൾക്കുമായി ഏഴ്‌ സെന്റ് വീതം ഇഷ്ടദാനമായി നൽകി. ബാക്കിയായ രണ്ടു സെന്റ് സ്ഥലം രവിയുടെ പേരിലായിരുന്നു. ഇളയ മകന് കൊടുത്ത സ്ഥലം മൂത്ത മകൻ വില കൊടുത്ത് വാങ്ങിയതോടെ ഇളയ മകൻ താമസം മാറി നൂറനാട് ഭാഗത്തേക്ക് പോയി. രവിയുടെ സംരക്ഷണം വാഗ്ദാനം ചെയ്ത് പിന്നീട് മൂത്ത മകൻ അവശേഷിച്ച രണ്ടു സെന്റ് സ്ഥലവും സ്വന്തമാക്കി. എന്നാൽ രവിക്ക് ഒരു വിധത്തിലുള്ള സംരക്ഷണവും ഇവർ നൽകിയില്ല. രവി അടൂർ പൊലീസിൽ പരാതി നൽകി. അസുഖബാധിതനായ രവി തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട പള്ളിക്കൽ ഗ്രാമ പഞ്ചായത്തംഗം കെ.ബിജുവിന്റെ സഹായത്തോടെയാണ് അടൂർ മഹാത്മാ ജന സേവന കേന്ദ്രത്തിൽ എത്തിച്ചത്. അടൂർ ആർ.ഡി.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. രവിക്ക് വേണ്ട എല്ലാ നിയമ പരിരക്ഷ സാദ്ധ്യമാക്കുകയും വേണ്ട സംരക്ഷണം നൽകുമെന്നും മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.