കോന്നി : കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്ന് ആൾക്കൂട്ടങ്ങളിലും കൊറോണ ബാധിത മേഖലകളിലും പോയവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പും കുടുംബശ്രീ പ്രവർത്തകരും സംയുക്തമായാണ് ഇന്ന് മുതൽ വിവര ശേഖരണം നടത്തുന്നത്. ആവശ്യമെങ്കിൽ പൊലീസും സഹകരിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ഉൾപ്പടെ ജില്ലയ്ക്ക് പുറത്ത് പോയവരുടെയും കൊറോണ ബാധിത മേഖലകളിൽ പോയവരുടെയും വിദേശങ്ങളിൽ നിന്ന് വന്നവരുടെയും വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുന്നത്. ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കും. ഒരാഴ്ചയ്ക്കുള്ളിൽ വിദേശത്ത് നിന്ന് എത്തിയവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകി.

കഴിഞ്ഞ ദിവസം നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ജില്ലയിൽ നിന്ന് നിരവധി ആളുകൾ പങ്കെടുത്തെന്നാണ് വിവരം. സ്ത്രീകൾക്ക് പുറമെ കുടുംബാംഗങ്ങളും പൊങ്കാലയ്ക്ക് പോയിരുന്നു. ഇത്തരത്തിൽ പോയവർ ആരോഗ്യ വകുപ്പ്, കുടുംബശ്രീ പ്രവർത്തകരെ വിവരം അറിയിക്കണം. വിവരം മറച്ചുവച്ചാൽ കുറ്റകരമാണെന്ന ബോധവത്കരണവും ഇവർക്ക് നൽകും. ഓരോ വീടുകളുടെയും വിവരങ്ങൾ സമീപ വീട്ടുകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ചോദിച്ചറിയും.

വലിയ ആൾക്കൂട്ടങ്ങളുണ്ടായ ഉത്സവങ്ങളിലും പെരുന്നാളുകളിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുത്തവരും വിവരം അറിയിക്കണം.

കൊറോണ സ്ഥിരീകരിച്ച റാന്നിയിൽ അടുത്തിടെ പോയവരും ഇവിടങ്ങളിൽ ജോലി ചെയ്യുവരും കൊറോണ ബാധിതർ പോയ സ്ഥാപനങ്ങളിലും വാഹനങ്ങളിലും യാത്ര ചെയ്തവരും വിവരം അറിയിക്കണം.

എല്ലാ വീടുകളിലും രോഗ പ്രതിരോധ മാർഗങ്ങളും നിർദ്ദേങ്ങളും കുടുംബശ്രീക്കാർ എത്തിക്കും. കൈ കഴുകേണ്ട രീതികൾ ഓരോ വീടുകളിലും എത്തി കാണിച്ചു നൽകും.

പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്റെയും രോഗവ്യാപനം തടയാനുള്ള മാർഗങ്ങളും ഇവർ നിർദ്ദേശിക്കും. ശുചിത്വ, പ്രതിരോധ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും.

വിവരശേഖരണത്തിന് പോകുന്നവർക്ക് പ്രതിരോധ മാർഗങ്ങളില്ല

വിവരങ്ങൾ ശേഖരിക്കാൻ വീടുകളിൽ പോകുന്ന കുടുംബശ്രീ പ്രവർത്തകർക്ക് രോഗ പ്രതിരോധത്തിന് മാർഗങ്ങളില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. മാസ്കുകൾ, കൈയ്യുറകൾ എന്നിവയൊന്നും ആരോഗ്യ വകുപ്പ് ഇവർക്ക് നൽകിയിട്ടില്ല. വീട്ടുകാർക്ക് നൽകേണ്ട ബോധവത്കരണത്തിന് മാത്രമാണ് ഇന്നലെ വിവിധയിടങ്ങളിൽ പരിശീലനം നൽകിയത്. കുടുംബശ്രീ പ്രവർത്തകർ ആശങ്ക അറിയിച്ചെങ്കിലും രോഗികൾക്കും രോഗികളുമായി ഇടപെഴകുന്നവർക്കും മാത്രം ഇത്തരം പ്രതിരോധ കവചങ്ങൾ മതിയെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിച്ചത്.