അടൂർ : ജനറൽ ആശുപത്രിയിലെ എെസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രണ്ട് രോഗികൾക്കും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ രക്ത സാമ്പിൾ പരിശോധനയിൽ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. എങ്കിലും അതീവ ജാഗ്രതയിലാണ് ആശുപത്രി അധികൃതർ. എെസൊലേഷൻ വാർഡ് സജ്ജീകരിച്ചതിനൊപ്പം കൊറാണ സംബന്ധിച്ച സംശയ നിവാരണങ്ങൾക്കായി കെ.എച്ച്.ആർ.ഡബ്ളിയു.എസ് പേവാർഡിന് മുന്നിലായി ഹെൽപ്പ് ഡസ്ക്കും സജ്ജമാക്കിയിട്ടുണ്ട്. ബെഹ്റിനിൽ നിന്ന് ഗൾഫ് എയറിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ മണക്കാല സ്വദേശിനിയായ സ്ത്രീയും റഷ്യയിൽ നിന്ന് എത്തിയ കടമ്പനാട് ഇടയ്ക്കാട് സ്വദേശിയുമാണ് കഴിഞ്ഞ മൂന്ന് ദിവസമായി എെസൊലേഷൻ വാർഡിൽ അഡ്മിറ്റായത്. ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ് മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള 10 മുറികളാണ് ഐസൊലേഷൻ വാർഡാക്കി മാറ്റിയിരിക്കുന്നത്. കൂടുതൽ ആവശ്യമായി വന്നാൽ പേവാർഡിലെ 24 മുറികളും ഇതിനായി മാറ്റും.