അടൂർ: തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. നാലു ലക്ഷത്തോളം വിലവരുന്ന ഹാൻസ്, ഗണേഷ് ഇനങ്ങളിൽപ്പെട്ട ഉല്പന്നങ്ങളാണ് ജില്ലാ ആന്റിനാർകോട്ടിക് ടീം പിടിച്ചെടുത്തത്. അടൂർ നെല്ലിമുകൾ സ്വദേശി അജിത് കുമാർ (44) അറസ്റ്റിലായി. അടൂർ സ്വദേശിയായ ജയകുമാറിന് വേണ്ടി കാറിൽ കടത്തികൊണ്ടുവരുമ്പോൾ മരൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം കാറുൾപ്പടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജയകുമാറിനെ പിടികൂടാനായില്ല. ഹാൻസിന്റെ 6000 പായ്ക്കറ്റും ഗണേഷിന്റെ 1300 പായ്ക്കറ്റും കൂൾ എന്ന് പേരുള്ള മറ്റൊരു നിരോധിത പുകയില ഉല്പന്നത്തിന്റെ 1092 പായ്ക്കറ്റും ഉൾപ്പടെ 8392 പൊതികളാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശത്തെതുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ജോസിന്റെ നിർദ്ദേശാനുസരണം എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചെടുത്തത്. കെഎൽ02 എഫ് 5040 നമ്പർ എസ്റ്റിം കാറിലാണ് പുകയില ഉല്പന്നങ്ങൾ കടത്തിയത്. കാലങ്ങളായി പഴയ കാറുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി സംസ്ഥാനാന്തര കടത്ത് നടത്തി വന്നിരുന്ന സംഘത്തിലെ അംഗമാണ് അജിത്കുമാർ.സംഘത്തിന് നേതൃത്വം കൊടുക്കുന്നയാളെന്ന് കരുതുന്ന ജയകുമാർ വിവിധ കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. അടൂർ സി.ഐ യു.ബിജു, എസ്.ഐ ഷാജിമോൻ,ജില്ലാ ആന്റിനാർകോട്ടിക് എസ്.ഐ രഞ്ജു, ജി.എസ്.ഐ രാധാകൃഷ്ണൻ, ജി.എ.എസ്.ഐ മാരായ ടി.ഡി ഹരികുമാർ, എസ്.വിൽസൺ, സി.പി.ഒ ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.