മല്ലപ്പള്ളി :സംസ്ഥാനത്തു മതിയായ രേഖകളില്ലാതെ വിദേശ തോട്ടം കുത്തകകളും അവരുടെ ബിനാമികളും കൈവശം വച്ചിരിക്കുന്ന അഞ്ചുലക്ഷത്തി ഇരുപത്തിഅയ്യായിരം ഏക്കർ ഭൂമി നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുത്ത് തോട്ടം തൊഴിലാളികളുടെ ഭൂ ഉടമസ്ഥതയിൽ തോട്ടങ്ങൾ പുനസംഘടിപ്പിക്കുന്നതിനും, ദളിത് ആദിവാസികൾ ഉൾപ്പെടെ സംസ്ഥാനത്തെ പതിനേഴരലക്ഷം ഭൂരഹിതർക്കും കൃഷിചെയ്യാൻ ഭൂമിയും പാർപ്പിട രഹിതർക്ക് വാസയോഗ്യമായ പാർപ്പിടവും നിർമ്മിച്ചു നൽകുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മല്ലപ്പള്ളി താലൂക്കിലെ ഭൂരഹിതരുടെയും ഭവന രഹിതരുടെയും കുടുംബങ്ങളുടെ സംയുക്ത യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കറുകച്ചാൽ പെൻഷൻ ഭവനിൽ ചേർന്ന യോഗം വയനാട് തൊവരിമല ഭൂസമരസമിതി നേതാവ് എം.പി. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു.പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ബിജു വി. ജേക്കബിന്റെ അദ്ധ്യക്ഷത വഹിച്ചു.പീപ്പിൾസ് യൂണിയൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ജനറൽ സെക്രട്ടറി ജി..പ്രസാദ് വകയാർ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ ശാന്ത യു.നായർ,സുമിത സേവാനന്ദ്,സന്ധ്യ രാജപ്പൻ,ജ്യോതി, ഗീത ജയചന്ദ്രൻ,രാജപ്പൻ,ബിജു വിജയൻ,ആതിര,പ്രദീപ്,ബിജു വർഗീസ്,പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് താലൂക്ക് കമ്മിറ്റി ചെയർപേഴ്സൺ ആയി സന്ധ്യ രാജപ്പനും കൺവീനർ ആയി സുമിതാ സേവാനന്ദും അടങ്ങുന്ന പത്ത് പേരുടെ കമ്മിറ്റി രൂപീകരിച്ചു.