ചെങ്ങന്നൂർ: ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനായ അങ്ങാടിക്കൽ പുത്തൻകാവ് ശാലേംനഗർ, കുറ്റിയ്ക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസ് (65) നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അങ്ങാടിക്കൽ പുത്തൻകാവ് പൗവ്വത്തിൽ എ. അരവിന്ദി (36)നെ ചെങ്ങൂന്നർ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു രാവിലെ തെളിവെടുപ്പിനായി പുത്തൻകാവ് അങ്ങാടിക്കൽ, ശാലേംനഗറിൽ എത്തിക്കും. ഹെൽമറ്റ് കൊണ്ടുള്ള ശക്തമായ അടിയേറ്റാണ് ഏബ്രഹാം മരിച്ചത്. സംഭവം നടന്നതിനുസമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമല്ല. പൊലീസ് സൈബർ സെല്ലിന്റെ സഹായം ഇതിനായി തേടും.
വെള്ളിയാഴ്ച രാത്രി 11.45 ന് തന്റെ സ്‌കൂട്ടറിൽ വീട്ടിലെ അടുക്കള മാലിന്യങ്ങൾ ശാസ്താംകുളങ്ങര റോഡിൽ തള്ളിയശേഷം തിരികെവരുമ്പോഴാണ് ഏബ്രഹാമിന് മർദ്ദനമേറ്റത്. അടിയേറ്റ് ബോധമില്ലാതെ കിടന്ന ഏബ്രഹാമിനെ സ്‌കൂട്ടറിൽ അരവിന്ദും സുഹൃത്തുക്കളും ചേർന്ന് അങ്ങാടിക്കലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഡി.വൈ.എസ്.പി, അനീഷ് വി.കോരയുടെ നേതൃത്വത്തിൽ സി.ഐ എം സുധി ലാലിലിനാണ് അന്വേഷണ ചുമതല.