പത്തനംതിട്ട: കടമുറി ബലമായി ഒഴിപ്പിക്കാനുള്ള ശ്രമത്തെ ചൊല്ലി പത്തനംതിട്ട നഗരത്തിൽ തർക്കം. വ്യാപാരിയെ പിന്തുണച്ച് വ്യാപാര സംഘടനകൾ രംഗത്തെത്തുകയും പിന്നീട് നഗരത്തിലെ കടകൾ അടച്ച് പ്രതിഷേധിക്കുകയും ചെയ്തു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ കഴിഞ്ഞ 36 വർഷമായി പ്രവർത്തിക്കുന്ന കൊച്ചിൻ സ്റ്റോഴ്സ് എന്ന സ്ഥാപനം ഒഴിപ്പിക്കാനുള്ള ഉടമയുടെ ശ്രമമാണ് വാക്കു തർക്കത്തിന് ഇടയാക്കിയത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി ഉടമ അടഞ്ഞുകിടന്ന കട ബലമായി തുറന്ന് സാധനങ്ങൾ നീക്കുകയും പുതിയ താഴിട്ട് മുറി പൂട്ടുകയും ചെയ്തു. കടമുറിയിൽ വ്യാപാരി സ്വന്തം നിലയിൽ ചില അറ്റകുറ്റപ്പണികൾ നടത്തി വരുന്നതിനിടെയാണ് ഉടമയുടെ ഇടപെടൽ. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വ്യാപാരി ജയിംസ്, സാധനങ്ങൾ നീക്കി കടമുറി പൂട്ടിയ വിവരം അറിയുന്നത്. കട ഒഴിപ്പിക്കാൻ കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടെന്നും വ്യാപാരിക്ക് ആറു മാസം മുമ്പ് നോട്ടീസ് നൽകിയിരുന്നുമെന്നുമാണ് ഉടമ പറയുന്നത്. കടക്കുളളിൽ സ്റ്റെയർ കേസ് പണിയാൻ ഇപ്പോൾ ഒഴിപ്പിക്കുന്നതെന്നും തുച്ഛമായ വാടക മാത്രമാണ് ലഭിക്കുന്നതെന്നും ഉടമ പറഞ്ഞു. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ഇരുകൂട്ടരെയും ചർച്ചക്ക് വിളിച്ചു.