കാസർകോട്: കൊറോണ ഭീതി നിലനിൽക്കുന്ന മലേഷ്യയിൽ നിന്നും വരുംവഴി വിമാനത്താവളത്തിൽ പിടിയിലായ പോക്‌സോ കേസിലെ പ്രതിയെ ജയിലിൽ കയറ്റാൻ ജയിലധികൃതർ കൂട്ടാക്കിയില്ല. മറ്റ് തടവുകാരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ജയിലധികൃതർ പ്രതിയെ ജയിലിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതിരുന്നത്. തുടർന്ന് ഇയാളെ പൊലീസ് കാവലിൽ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസിലെ പ്രതിയാണ് നിരീക്ഷണത്തിലുള്ളത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇയാളെ എമിഗ്രഷൻ വിഭാഗം പിടികൂടി മഞ്ചേശ്വരം പൊലീസിന് വിവരം കൈമാറിയത്. പൊലീസ് ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് മഞ്ചേശ്വരത്ത് എത്തിക്കുകയും കാസർകോട് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
ഇയാൾക്ക് രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും വിദേശങ്ങളിൽ നിന്നും എത്തുന്നവർ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ച പശ്ചാത്തലത്തിലാണ് ജയിലധികൃതർ പ്രതിയെ ജയിലിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതെന്നാണ് കരുതുന്നത്.