കൊറോണ വന്നതിൽ പിന്നെ ആളുകൾക്ക് ബസിൽ കയറാൻ പേടിയാണ്. ആരൊക്കെ എവിടൊക്കെ വന്നെന്ന് അറിയില്ലല്ലോ എന്നാണ് അവരുടെ ന്യായം. പതിനയ്യായിരത്തിനും അതിൽ കൂടുതലും കളക്ഷൻ കിട്ടിയിരുന്ന സ്ഥലത്ത് 2000 ഒക്കെയാണ് കിട്ടുന്നത്.
സുരേഷ് (പത്തനാപുരം)
സ്വകാര്യ ബസ് കണ്ടക്ടർ
-----------------------
പത്ത് വർഷമായി ലോട്ടറി വിൽക്കുന്നു. ഇതുവരെ ഇങ്ങനെ ഒരു കാര്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഒരു ദിവസം അമ്പതോ നൂറോ രൂപയ്ക്കാണ് ഇപ്പോൾ ലോട്ടറി വിറ്റുപോകുന്നത്. മുമ്പത്തെപ്പോലെ ആളുകളൊന്നും സ്റ്റാൻഡിൽ ഇല്ല. അടുത്തേക്ക് ചെന്ന് സംസാരിക്കാൻ പോലും ആരും തയ്യാറല്ല. ബസിലും ആളില്ല. പ്രഷർ കൂടി ഒരു വശത്തിന് ബലക്കുറവുണ്ട്. മറ്റ് പണിക്ക് പോകാനും കഴിയില്ല. ഇതാണ് ആകെയുള്ള വരുമാന മാർഗം.
രാഘവൻ (കൊടുമൺ)
ലോട്ടറി വിൽപ്പനക്കാരൻ
-----------------
"ബാങ്കിലെ ക്ലീനിംഗ് തൊഴിലാളിയാണ്. ഇവിടെ വന്ന് വൃത്തിയാക്കിയിട്ട് മറ്റ് വീടുകളിലൊക്കെ പോകുമായിരുന്നു. പണിയൊന്നും ഇപ്പോഴില്ല. എല്ലാവർക്കും പേടിയാണ്. ജോലിയില്ലെന്നാണ് എല്ലാരും പറയുന്നത്. രണ്ട് പെൺമക്കളെ നോക്കണം. മൂത്തമകൾക്ക് രണ്ട് മക്കളും ഉണ്ട്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വാങ്ങാൻ പോലും കഴിയില്ല.
സുമതി (വെട്ടൂർ)
ക്ലീനിംഗ് തൊഴിലാളി
------------------
പത്ത് വർഷമായി ചന്തയിൽ മീൻ വിൽക്കുകയാണ്. മീൻ വാങ്ങി വയ്ക്കുന്നത് കൊട്ടയിൽ അതു പോലെയിരിക്കുകയാണ്. വാങ്ങാൻ ആരും എത്തുന്നില്ല. ചന്ത ദിവസത്തിൽ പോലും ആളില്ലെന്ന് പറയുമ്പോ എത്രമാത്രം മോശമാണ് എന്ന് മനസിലാക്കാമല്ലോ
ജാഫർ (തെങ്കാശി)
മത്സ്യ വിൽപനക്കാരൻ