ഇളമണ്ണൂർ: കിൻഫ്രാ വ്യവസായ പാർക്കിന് സമീപം ലഹരി മാഫിയ സജീവമാകുന്നു. സ്വകാര്യ വ്യക്തികളുടെ വിജനമായ റബ്ബർ തോട്ടങ്ങളാണ് ഇക്കൂട്ടർ താവളമാക്കിയിരിക്കുന്നത്. പ്രധാനപാതയിൽ നിന്ന് ഏറെ ഉള്ളിലേക്കുള്ള പ്രദേശമാണിത്. പൊലീസ്, എക്സൈസ് നിരീക്ഷണം ഇവിടെ കാര്യക്ഷമമല്ല. സമീപത്തുള്ള സ്കൂളുകളിലെ കുട്ടികളടക്കം ഇവിടെ നിത്യ സന്ദർശകരാണ്. കഴിഞ്ഞ മാസം കഞ്ചാവ് ഉപയോഗിച്ച വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടിയിരുന്നു. നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ ആവശ്യമായ ഇടപെടൽ നടത്തുന്നില്ല. മരുതിമൂട് സ്വദേശിയാണ് ഇവിടേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനി.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും കാടിന്റെ മറവിൽ നടക്കുന്നുണ്ട്. ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളിൽ കാടുകൾ വളർന്ന നിലയിലാണ്. ചെറിയ ഇടവഴികളിലും മറ്റും താവളമാക്കിയ മദ്യപസംഘം കിൻഫ്രാ പാർക്കിലെ വിവിധ ഫാക്ടറികളിലെത്തുന്ന സ്ത്രീ ജീവനകാരെയടക്കം ശല്യം ചെയ്യുന്നതും പതിവാണ്. സന്ധ്യ മയങ്ങിയാൽ മദ്യപാനിക്കൂട്ടം റോഡ് കൈയടക്കും. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ചു അനധികൃത മദ്യ കച്ചവടവും ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ മാസം മദ്യവിൽപ്പന ചോദ്യം ചെയ്ത സമീപവാസിയെ കുത്തി മാരകമായി പരിക്കേൽപ്പിച്ചിരുന്നു.
ഡ്രൈ ഡേ ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിൽ നിന്ന് നിരവധി ആളുകൾ ഇവിടേയ്ക്ക് മദ്യം വാങ്ങാൻ എത്താറുണ്ട്. അടൂർ പാെലീസ് സ്റ്റേഷന്റെയും ഏനാത്ത് സ്റ്റേഷന്റെയും അതിർത്തി പ്രദേശമായതിനാൽ പൊലീസ് നിരീക്ഷണം കാര്യമായി നടക്കാറില്ല .
" പലവട്ടം പരാതികൾ നൽകി, പ്രയോജനം ഉണ്ടായില്ല, പലവിധ ഭീഷണികളും നേരിടേണ്ടി വന്നു '
പ്രഭാകരൻ ( പ്രദേശവാസി )