പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലനുവദിച്ച 108 ആംബുലൻസ് ഇവിടെ നിന്ന് മാറ്റാൻ തീരുമാനം. ജില്ലാമെഡിക്കൽ ഒാഫീസറുടെ സാന്നിദ്ധ്യത്തിൽകൂടിയ യോഗമാണ് തീരുമാനമെടുത്തതെന്ന് ജില്ലാ കോർഡിനേറ്റർ പറഞ്ഞു. ജനങ്ങൾക്കേറെ പ്രയോജനകരമായിരുന്നു ആംബുലൻസിന്റെ സേവനം. പള്ളിക്കൽ അത്യാഹിതം നടന്നാൽ പതിനഞ്ചു കിലോമീറ്റർ അകലെ അടൂരിൽ നിന്നുവേണം ആംബുലൻസ് എത്താൻ. പള്ളിക്കൽ നിന്ന് ആംബുലൻസ് മാറ്റാൻ തീരുമാനിച്ചതായി പഞ്ചായത്തിനെയോ പി.എച്ച്.സി അധികൃതരെയോ അറിയിച്ചിട്ടില്ലെന്നും തീരുമാനം ദൗർഭാഗ്യകരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി പറഞ്ഞു. പള്ളിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിലാണ് അംബുലൻസ് സേവനകേന്ദ്രം പ്രവർത്തിച്ചിരുന്നത് . ആംബുലൻസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം പറഞ്ഞു.