പത്തനംതിട്ട: പുതിയ കൊറോണ സ്ഥിരീകരണം ഇല്ലാത്തത് ജില്ലയെ ആശ്വാസ തീരത്തേക്ക് അടുപ്പിച്ചെങ്കിലും അതി ജാഗ്രത തുടരുന്നു. ഇന്നലെ വന്ന 2 പരിശോധന ഫലവും നെഗറ്റീവായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി 12പേർക്ക് കൊറോണ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 33പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

ഇന്നലെ രണ്ടുപേർ കൂടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ അഡ്മിറ്റായി. കഴിഞ്ഞ എട്ടിന് കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്ന് വന്ന െഎത്തലയിലെ കുടുംബത്തെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സിച്ച 36കാരിയായ നഴ്സും എട്ട് വയസുളള മകളുമാണ് ഇവർ. കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ ജനറൽ ആശുപത്രിയിലുളള അഞ്ച് പേരുടെയും രക്തസാമ്പിളുകൾ വീണ്ടും പരിശോധിച്ചപ്പോൾ കൊറോണ വൈറസ് നിലനിൽക്കുകയാണ്. ഇവർ െഎസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുന്നു.

 പരിശോധിക്കുന്നത് തൊണ്ടയിലെ സ്രവവും രക്തവും

കൊറോണ രോഗബാധിതരെന്നു സംശയിക്കുന്നവരുടെ തൊണ്ടയിലെ സ്രവവും രക്ത സാമ്പിളുകളുമാണു പരിശോധനയ്ക്കായി എടുക്കുന്നത്. സാമ്പിളുകൾ ആലപ്പുഴ നാഷണൽ വൈറോളജി ലാബിലേക്ക് അയക്കും. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം 48 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ആരോഗ്യ വകുപ്പിന് ലഭിക്കും. മറ്റു ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിക്കില്ല.
കൊറോണ രോഗ ലക്ഷണമുളളവർ ആരോഗ്യവകുപ്പിന്റെ 0468 222822 എന്ന കൺട്രോർ റും നമ്പറിൽ ബന്ധപ്പെടണം.

 വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം തുടങ്ങി

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 70 പേർക്ക് ജില്ലാഭരണകൂടം ഭക്ഷണസാധനങ്ങൾ ഇന്ന് വിതരണം ചെയ്തു. പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയർ, സാനിറ്ററി നാപ്കിൻ, ബേബി ഫുഡ്, എണ്ണ എന്നിവയാണ് കിറ്റിലുള്ളത്. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലാണു വിതരണം നടക്കുന്നത്.
അവശ്യമുള്ള പഞ്ചായത്തുകളിലേക്ക് കിറ്റുകൾ എത്തിക്കും. പഞ്ചായത്ത് വകുപ്പ്. കുടുംബശ്രീ, സപ്ലൈകോ എന്നിവ ചേർന്നാണ് അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കുന്നത്.
സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സ്‌പോൺസർ ചെയ്യുന്നവയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. കുന്നന്താനം ചോയ്‌സ് സ്‌കൂൾ സ്‌പോൺസർ ചെയ്തതാണ് എഴുപത് കിറ്റുകളും.
കളക്ടറേറ്റിലെ കോൾസെന്ററിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത്.

196 പേർക്ക് സാധനങ്ങൾ അവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊറോണ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണു ഇവർ. നേരിട്ട് ഇടപഴകിയവർ 28 ദിവസവും അല്ലാത്തവർ 14 ദിവസവുമാണ് വീടുകളിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കഴിയുന്നത്.

----------------

33 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്

2 പരിശോധനാ ഫലവും നെഗറ്റീവ്

2 പേർകൂടി ആശുപത്രിയിൽ