danger

തിരുവല്ല: പെരിങ്ങര - നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിങ്ങര ഗണപതിപുരം പാലം അപകടഭീഷണിയിൽ. കഷ്ടിച്ച് ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാവുന്ന പാലമാണിത്. കഴിഞ്ഞ പ്രളയത്തിൽ കുത്തൊഴുക്കിലാണ് പാലത്തിന് ബലക്ഷയമുണ്ടായത്. ആറടിമാത്രം വീതിയുള്ള പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ശക്തമായ കുലുക്കം അനുഭവപ്പെടുന്നുണ്ട്. ഇതുകാരണം യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള പാലത്തിന്റെ സംരക്ഷണഭിത്തിയും കൈവരികളും തകർച്ചയിലാണ്. പാലത്തിന്റെ ഇരുകരകളിലും സംരക്ഷണഭിത്തി വിണ്ടുകീറിയിട്ടുണ്ട്. പെരിങ്ങര പഞ്ചായത്തിലെ 13ാം വാർഡിലാണ് ഗണപതിപുരം പാലം. തകർച്ചയിലായ സംരക്ഷണ ഭിത്തിക്ക് സമീപം കുളിക്കടവും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ കുളിക്കാനെത്തുന്നവർക്കും പാലത്തിന്റെ തകർച്ച ഭീഷണിയായിരിക്കുകയാണ്. പ്രളയത്തിന്റെ ശക്തമായ ഒഴുക്കിൽ മുളങ്കാടും മാലിന്യങ്ങളും മറ്റും ഒഴുകിവന്നു പാലത്തിന്റെ തൂണുകളിൽ മാസങ്ങളോളം തടഞ്ഞുകിടന്നിരുന്നു. കൈവരികൾ പലഭാഗത്തും പൊളിഞ്ഞു കിടക്കുകയാണ്. മുമ്പ് ഇവിടെ തടിപ്പാലമായിരുന്നു. ഇ.ബാലാനന്ദൻ എം.പിയുടെ ഫണ്ട് ചെലവഴിച്ചാണ് പിന്നീട് പാലം നിർമ്മിച്ചത്. കോച്ചാരിമുക്കം ഇ.എ.എൽ.പി സ്‌കൂൾ, പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രം, അങ്കണവാടി, ചാത്തങ്കരി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകമാണ് ഈപാലം. എന്നാൽ അപകടാവസ്ഥയിലായ പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ ഇപ്പോഴും കടന്നുപോകുകയാണ്. ഇത് നിയന്ത്രിക്കാനോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയ്ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകും.

വിലാസിനി ഷാജി,

വാർഡ് അംഗം

ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നത്

പാലത്തിന്റെ തകർച്ചയ്ക്ക് കാരണം

മുന്നറിയിപ്പ് ബോർഡ് ഇല്ല

പാലത്തിന്റെ വീതി :

6 അടി മാത്രം

പാലം പണിതിട്ട്

20 വർഷം