പത്തനംതിട്ട: പകർച്ചപ്പനികൾ വ്യാപകമാകുന്നതിനാൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള ആയൂർവേദാശുപത്രികളിൽ പനിയുമായി വരുന്ന രോഗികളുടെ രേഖകൾ സൂക്ഷിക്കുകയും അന്ന് തന്നെ വിവരം അറിയിക്കണമെന്നും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജി.വി ഷീലാ മേബിലറ്റ് അറിയിച്ചു. പനി, തുമ്മൽ, മുക്കൊലിപ്പ്, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കണം. അവർ വിദേശയാത്ര കഴിഞ്ഞവരോ വിദേശത്തുനിന്നു വരുന്നവരുമായി കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ അടുത്തിടപഴകുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമിലെ 0468 2322515, 0468 2228220 നമ്പറുകളിൽ ബന്ധപ്പെടണം.
പനിയുടെ പ്രതിരോധത്തിന് ഗവ.ആയൂർവേദ സ്ഥാപനങ്ങൾക്ക് ഔഷധങ്ങൾ എത്തിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സൗജന്യമായി വിതരണം ചെയ്യും.
അപരാജിത ധൂമചൂർണം വിതറണം
അപരാജിത ധൂമചൂർണം വിതറുന്നത് അന്തരീക്ഷം അണുവിമുക്തമാക്കാൻ നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പകർച്ചപ്പനിയുള്ള വാർഡുകളിൽ ധൂപസന്ധ്യ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് ചെയ്യുവാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനുള്ള ഔഷധങ്ങൾ അതത് സ്ഥാപനങ്ങളിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടാൽ ലഭിക്കും.